കോട്ടക്കലിൽ 16 കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ; കോട്ടക്കൽ കേന്ദ്രീകരിച്ചാണ് ഇയാൾ വിൽപ്പന നടത്തിയത്.
ചങ്കുവെട്ടി: കോട്ടയ്ക്കൽ റോഡിൽ ബൈക്കിൽ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. 6310 രൂപയും കൈവശമുണ്ടായിരുന്നു. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്. തുടർന്ന് ഇയാളുടെ വീട്ടിൽനടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു.
കോട്ടയ്ക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണിത്. കോട്ടയ്ക്കലിലെ ഒരു സ്‌കൂളിൽ ബസ് ഡ്രൈവറാണ് ഇയാൾ. കുറ്റിപ്പുറം എക്സൈസ് റേഞ്ചും എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി കോട്ടയ്ക്കൽ ടൗണിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.
കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ, എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ എക്സൈസ് ഇൻസ്പെക്ടർ, സിവിൽ എക്സൈസ് ഓഫീസർമാർ കുറ്റിപ്പുറം എക്സൈസ് പ്രിവന്റീവ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ (ഗ്രേഡ്) ഡ്രൈവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
