NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തദ്ദേശ തെരഞ്ഞെടുപ്പ്: പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാകണം;  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കേരളാ ഹൈക്കോടതിയുടെ ഉത്തരവുകള്‍, കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവിധ ഉത്തരവുകള്‍ എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് നടത്തിപ്പിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് പരമാവധി കുറക്കുകയും കഴിയുന്നിടത്തോളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകൃതി സൗഹൃദ സാധന സാമഗ്രികള്‍ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പിനെയാണ് ഹരിത തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന പുതിയ നിയമ ഭേദഗതി (2024 ലെ കേരള പഞ്ചായത്ത് രാജ് ഭേദഗതി ആക്ട്, കേരള മുനിസിപ്പാലിറ്റി ഭേദഗതി ആക്ട്) അനുസരിച്ച് പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ മാലിന്യം വലിച്ചറിയുന്നവര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ചുമത്താവുന്ന തത്സമയ പിഴത്തുക 5000 വരെ ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ലഭിക്കാവുന്ന പരമാവധി പിഴ 50,000 രൂപ വരെയും ഒരു വര്‍ഷം വരെ തടവും ആക്കിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കേണ്ടതാണ്. പകരം തുണിയിലോ പേപ്പറിലോ നിര്‍മ്മിക്കാം.

* ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവ സ്വന്തം നിലയില്‍ സജ്ജീകരിക്കേണ്ടതാണ്.

* പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദ മലീനകരണം ഒഴിവാക്കേണ്ടതും നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രം ലൗഡ്സ്പീക്കര്‍, പബ്ലിക്ക് അഡ്രസ്സിങ് സിസ്റ്റം തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്.

* വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ അതാത് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനയ്ക്ക് യൂസര്‍ഫീ സഹിതം കൈമാറണം.

* പോളിംഗ് സ്റ്റേഷനുകളിലും വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്- വോട്ടെണ്ണല്‍ ദിവസങ്ങളില്‍ ജൈവ-അജൈവ വസ്തുക്കള്‍ വെവ്വേറെ നിക്ഷേപിക്കുന്നതിന് വേണ്ട ബിന്നുകള്‍ സ്ഥാപിക്കുന്നതിന് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

* പോളിംഗ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.

Leave a Reply

Your email address will not be published. Required fields are marked *