നമ്മൾ ഒരു രാജ്യം, വസ്ത്രത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം മലയാളി വിദ്യാർഥികൾ വിവേചനം നേരിട്ടതിൽ
നമ്മൾ ഒരു രാജ്യം, വസ്ത്രത്തിന്റെ പേരിൽ വിവേചനം പാടില്ലെന്ന് സുപ്രീംകോടതി; നിരീക്ഷണം മലയാളി വിദ്യാർഥികൾ വിവേചനം നേരിട്ടതിൽ
വസ്ത്രധാരണത്തിന്റെ പേരിൽ ആരോടും വിവേചനം പാടില്ലെന്നും നമ്മൾ ഒരു രാജ്യമാണെന്നും സുപ്രീംകോടതി. മുണ്ട് ധരിച്ച മലയാളി വിദ്യാർഥികൾക്കുനേരേ ഡൽഹിയിൽ വിവേചനമുണ്ടായതായുള്ള വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം.
ജനങ്ങൾ സൗഹാർദത്തോടെ കഴിയുന്ന രാജ്യത്ത് അതംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് നേരേ ഡൽഹിയിലുണ്ടായ ആക്രമണങ്ങൾ സംബന്ധിച്ച 2015-ലെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
വംശീയവിവേചനങ്ങൾ തടയാൻ കർശന നടപടിയെടുക്കാൻ അധികാരം നൽകി നിരീക്ഷണ സമിതിയുണ്ടാക്കാൻ കേന്ദ്രത്തോട് കോടതി നേരത്തേ നിർദേശിച്ചിരുന്നു.
സമിതിയുണ്ടാക്കിയെന്ന് കേന്ദ്രത്തിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ, വിവേചനം തുടരുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അപ്പോഴാണ്, മുണ്ടുടുത്തതിന്റെ പേരിൽ മലയാളികൾക്ക് വിവേചനം നേരിട്ടെന്ന വാർത്ത ഈയടുത്തും പത്രത്തിൽ വായിച്ചെന്ന് ബെഞ്ച് പറഞ്ഞത്.
സെപ്റ്റംബർ 24-നാണ് മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് ഡൽഹി സാക്കിർ ഹുസൈൻ കോളേജിലെ രണ്ട് മലയാളി വിദ്യാർഥികൾക്ക് മർദനമേറ്റത്. ആദ്യം നാട്ടുകാരും പിന്നീട് പോലീസും മർദിച്ചെന്നാണ് പരാതി.
