ഓൺലെെൻ ഗെയിമിൽ കുടുങ്ങി വീടുവിട്ടുപോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി പൊലീസ്; ചെന്നെത്തുന്നത് ലഹരി മാഫിയകളുടെ കയ്യിലേക്കും..!
പ്രതീകാത്മക ചിത്രം
ഓൺലെെൻ ഗെയിമിൽ പണം നഷ്ടപ്പെടുന്നതിനെ തുടർന്ന് വീടുവിട്ടുപോകുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി പൊലീസ്. താമരശ്ശേരിയിൽ നിന്ന് കാണാതായ രണ്ട് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്. ഇവരിലൊരാൾക്ക് നഷ്ടപ്പെട്ടത് 1,90,000 രൂപ.
വീടുവിട്ട കൂട്ടുകാരന് ഒപ്പം പോയതാണ് സഹപാഠി. പാർട് ടെെം ജോലിക്കാരായ സുഹൃത്തുക്കളിൽ നിന്ന് കടംവാങ്ങി കളിച്ചുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ഇരുപതോളം പേർ പണം നൽകിയത്രെ. വീട്ടിലറിഞ്ഞാൽ കുഴപ്പമാകുമെന്ന് കരുതി നാടുവിട്ടു.
ഓൺലെെൻ ചൂതാട്ടം പ്രോത്സാഹിപ്പിച്ച് കെണിയൊരുക്കുന്ന സംഘങ്ങളുമുണ്ട്. ആദ്യം ചെറിയ തുക നൽകും. ഗെയിമിംഗിലൂടെ കൂടുതൽ കിട്ടുമ്പോൾ തന്നാൽ മതിയെന്ന് പറയും.
പണം നഷ്ടപ്പെട്ട് കുരുക്കിലാകുന്നതോടെ സ്കൂൾ കേന്ദ്രീകരിച്ചും മറ്റുമുള്ള ലഹരിവിൽപ്പനയ്ക്ക് പ്രേരിപ്പിക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ലഹരിക്കേസിൽ പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. 2024ൽ 379 കേസുകളായിരുന്നത് ഇക്കൊല്ലം ആഗസ്റ്റ് വരെ മാത്രം 312 കേസുകളായി.
രക്ഷിതാക്കളുടെ മൊബെെലുപയോഗിച്ചാണ് പല കുട്ടികളും കളിക്കുന്നത്. രക്ഷിതാക്കളുടെ അക്കൗണ്ട് വിവരം ഇവർക്ക് അറിയാം.
കുട്ടികളെ ലക്ഷ്യം വയ്ക്കുന്നവരിൽ ഭിക്ഷാടന മാഫിയയുമുണ്ട്. ലെെംഗികമായും (പോക്സോ) മറ്റും പീഡിപ്പിക്കുന്നതും കുട്ടികളെ വീടുവിടാൻ പ്രേരിപ്പിക്കുന്നു. പോക്സോ കേസുകളും കൂടുകയാണ്.
ഒറ്റപ്പെടൽ, പ്രണയം, പഠന സമ്മർദ്ദം, വീട്ടിലെ ശ്രദ്ധക്കുറവ്, സ്കൂളിലെ പ്രശ്നങ്ങൾ, പ്രതിസന്ധി നേരിടാനുള്ള കഴിവില്ലായ്മ, പലരെയും അന്ധമായി വിശ്വസിക്കൽ തുടങ്ങിയ പല കാരണങ്ങൾ വീടുവിടാൻ പ്രേരിപ്പിക്കുന്നുണ്ട്.
മൊബെെെൽ ദുരുപയോഗം തടയുക, രക്ഷിതാക്കൾ അവഗണിക്കാതിരിക്കുക, കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുക, ഒപ്പമുണ്ടാകുമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുക.
