എസ് ഐ ആറിനെതിരായ തുടർ നടപടികൾ ഒന്നിച്ച് നേരിടും; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട്
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നടപ്പാക്കുന്ന എസ് ഐ ആറിനെതിരായ തുടർ നടപടികൾ ഒന്നിച്ച് നേരിടാൻ പ്രതിപക്ഷ പാർട്ടികൾ. മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട് ചേരും. ഓൺലൈൻ വഴിയാണ് യോഗം ചേരുക. വൈകീട്ട് നാലരക്കാണ് യോഗം ചേരുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എസ് ഐ ആറിനെതിരെ എൽ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ – രാഷ്ട്രീയ പോരിന് തീരുമാനമെടുക്കുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്റെ ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്.
എസ് ഐ ആറിനെ ഏതൊക്കെ നിലയിൽ എതിർക്കണം എന്ന കാര്യത്തിലടക്കം ഇന്നത്തെ സർവകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം എസ് ഐ ആറുമായി മുന്നോട്ട് പോകണമെന്നാണ് ബി ജെ പി നിലപാട്. ഇന്നത്തെ സർവകക്ഷി യോഗത്തിലും ബി ജെ പി ഇക്കാര്യം വ്യക്തമാക്കും. ഇക്കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്ത് എസ് ഐ ആർ നടപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ഇതിന്റെ നടപടികൾ ആരംഭിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചത്.
