കോളേജിൽ നിന്ന് മടങ്ങും വഴി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു; ഖബറടക്കം ഇന്ന്..!

കോളേജിൽ നിന്ന് ക്ലാസ് കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂർ പള്ളിക്കുന്ന് കുളിക്കാട്ടുപടി നീലേങ്ങോടൻ ഇല്യാസിന്റെയും സുലൈഖയുടെയും മകളായ ഹസീന ഇല്യാസ് (23) ആണ് മരിച്ചത്.
വയനാട് പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം.എസ്‌സി. മൈക്രോ ബയോളജി വിദ്യാർഥിനിയാണ്. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ ശേഷം താന്നിത്തെരുവിൽ വെച്ച് റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് ഹസീന കുഴഞ്ഞുവീണത്.
ഉടൻ തന്നെ സഹപാഠികളും കോളേജ് അധികൃതരും ചേർന്ന് പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മയ്യിത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് (ബുധനാഴ്ച) പള്ളിക്കുന്ന് ജുമാ മസ്‌ജിദിൽ ഖബറടക്കും. ഇഷാൻ ആണ് സഹോദരൻ.
