തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്തു; തുന്നിച്ചേർത്തെങ്കിലും പഴുപ്പ് കയറി, ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു

തെരുവ് നായ കുട്ടിയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കുഞ്ഞിന്റെ ചെവിയുടെ ശസ്‌ത്രക്രിയ പരാജയപ്പെട്ടു. ചെവിയുടെ ഭാഗം തുന്നി ചേർത്തിരുന്നെങ്കിലും പിന്നീട് പഴുപ്പ് കയറുകയായിരുന്നു.
എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്നര വയസുകാരിയുടെ ചെവി ആയിരുന്നു തെരുവ് നായ കടിച്ചെടുത്തിരുന്നത്. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മിറാഷിൻ്റെ മകൾ മൂന്നര വയസുകാരി നിഹാരയുടെ ചെവിയാണ് തെരുവ് നായ കടിച്ചെടുത്തത്.
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാനാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചതെന്ന് നിഹാരയുടെ പിതാവ് മിറാഷ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ചെവി തെരുവുനായ കടിച്ച് പറിച്ചെടുക്കുകയായിരുന്നു.
സമീപത്ത് ക്രിക്കറ്റുകളിച്ചു കൊണ്ടിരുന്നവർ ഓടിയെത്തിയാണ് നായയെ ഓടിച്ചത്. നിഹാരയുടെ പിതാവ് മിറാഷും മറ്റൊരാളും കൂടിയാണ് കുട്ടിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിൻ്റെ നിലത്തു വീണ ചെവിയുടെ ഭാഗം പ്ലാസ്റ്റിക് കവറിലാക്കി ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുകയായിരുന്നു.
നിഹാരയ്ക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ വാക്സിനേഷൻ നൽകുകയും ശേഷം പ്ലാസ്റ്റിക് സർജറിയിലൂടെ കുഞ്ഞിന്റെ ചെവി വെച്ചുപിടിപ്പിക്കുന്നതിനായി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
