കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചു നൽകി മാതൃകയായി വിദ്യാർഥികൾ

പരപ്പനങ്ങാടി: കളഞ്ഞുകിട്ടിയ ഒന്നേകാൽ പവനോളം തൂക്കംവരുന്ന സ്വർണാഭരണം ഉടമക്ക് തിരിച്ചു നൽകി വിദ്യാർഥികൾ മാതൃകയായി.
തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഡിഗ്രി മൂന്നാം വർഷ ചരിത്ര വിദ്യാർഥി ഫാത്തിമ അൻസിയ, എം കോം പി ജി വിദ്യാർഥി റാഷിദ, മൂന്നാം വർഷ സുവോളജി വിദ്യാർഥി ശബ്ന എന്നിവർക്കാണ് പരപ്പനങ്ങാടി റെയിൽവേ അടിപ്പാതക്ക് സമീപത്ത് നിന്നും സ്വർണാഭരണം കിട്ടിയത്. മൂന്ന് പേരും താനൂർ സ്വദേശിനികളാണ്.
പരപ്പനങ്ങാടി നമ്പുളം സൗത്തിലെ കോണിയത്ത് ജസീമിൻ്റെ ഭാര്യ ജസീനയുടെ കൈചെയിനാണ് ചുഴലിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച രാവിലെ കളഞ്ഞുപോയത്.
മൂന്ന് പേരും കോളജിലേക്ക് പോകുംവഴി കോളേജ് യൂനിയൻ എംഎസ്എഫ് ജോയിൻ്റ് സെക്രട്ടറി കൂടിയായ അൻസിയക്കാണ് ആഭരണം കിട്ടിയത്.
ഉടൻ തന്നെ പരപ്പനങ്ങാടി പോലിസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞെത്തിയ ഉടമക്ക് സ്റ്റേഷനിൽ വെച്ച് ഫാത്തിമ അൻസിയ സ്വർണാഭരണം പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറി.
