NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലപ്പുറം കാടാമ്പുഴയില്‍ 14 വയസുകാരിക്ക് വിവാഹ നിശ്ചയം; ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസെടുത്ത് പൊലീസ്; ശൈശവ വിവാഹ ശ്രമത്തില്‍ നടപടിയുമായി ബാലാവകാശ കമ്മീഷനും

മലപ്പുറം കാടാമ്പുഴയില്‍ ശൈശവവിവാഹത്തിന് ശ്രമം നടന്നതോടെ കേസെടുത്ത് പൊലീസ്. കാടാമ്പുഴ മരവട്ടം സ്വദേശിനിയായ 14വയസുകാരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളാണ് നടന്നത്. 14 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹനിശ്ചയ ചടങ്ങ് 22 വയസുകാരനുമായാണ് നടത്തിയത്. വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞദിവസമാണ് നടന്നത്. സംഭവത്തേക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് ഇടപെട്ടു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കെതിരേയും പൊലീസ് കേസെടുക്കുകയും ചെയ്തു.

 

ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. 14 വയസുള്ള പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങില്‍ രണ്ടുകുടുംബങ്ങളില്‍ നിന്നുമായി പത്തുപേര്‍ പങ്കെടുത്തിരുന്നു. ചടങ്ങ് കഴിഞ്ഞതിന് പിന്നാലെയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് സ്വമേധയാ ശൈശവ വിവാഹ ശ്രമത്തിന് കേസെടുക്കുകയായിരുന്നു.

 

പൊലീസ് ഇടപെടുകയും പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സ്നേഹിത ജെന്‍ഡര്‍ ഹെല്പ്ഡെസ്‌കിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് ഇടപെടലിന് പിന്നാലെ ബാലാവകാശ കമ്മീഷനും നടപടിയ്ക്ക് ഒരുങ്ങുകയാണ്. സംഭവത്തില്‍ ജില്ലാ വനിതാ-ശിശുക്ഷേമ വികസന ഓഫീസറോട് റിപ്പോര്‍ട്ട് തേടുമെന്ന് ബാലാവകാശ കമ്മിഷന്‍ അറിയിച്ചു. 2024-25 കാലയളവില്‍ സംസ്ഥാനത്ത് 18 ബാലവിവാഹങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് മലപ്പുറത്ത് ശൈശവവിവാഹത്തിനുള്ള ശ്രമം നടന്നതായുള്ളവിവരവും പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *