കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി; കളക്ടറുടെ മുന്‍കൂര്‍ അനുമതിവേണം, ജില്ലയിലെ കാളപൂട്ടുപ്രേമികള്‍ ആവേശത്തില്‍


കാളപൂട്ട് മത്സരങ്ങള്‍ നടത്തുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ നിയമസഭയില്‍ പാസായതോടെ ആവേശത്തിലാണ് മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികള്‍.
പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍, വളാഞ്ചേരി കരേക്കാട്, കൊണ്ടോട്ടി മുതുവല്ലൂര്‍, ഒളകര-പുകയൂര്‍, എടപ്പാളിനടുത്ത് ഐലക്കാട്, താനാളൂര്‍, മഞ്ചേരി പയ്യനാട് തുടങ്ങിയിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കാളപൂട്ട് മത്സരങ്ങള്‍ നടക്കുന്നത്.
കാളപൂട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന നൂറിലേറെ ജോഡി കന്നുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ആയിരക്കണക്കിനു കാളപൂട്ടുപ്രേമികള്‍ ഒത്തുകൂടുന്ന കാളപൂട്ടുകണ്ടങ്ങളുമുണ്ട്. സംസ്ഥാനത്ത് അഞ്ഞൂറിലേറെ ജോഡി കന്നുകള്‍ മത്സരരംഗത്തുണ്ട്.
കാളപൂട്ട്, കന്നുപൂട്ട്, മരമടി, പോത്ത് ഓട്ടം തുടങ്ങിയ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്ന മത്സരങ്ങള്‍ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇതിനായി 1960-ലെ കേന്ദ്രനിയമമായ ‘ജന്തുക്കളോടുള്ള ക്രൂരത തടയല്‍’ ആക്ടിന് കേരളത്തില്‍ ബാധകമാകുന്ന തരത്തിലാണ് ഭേദഗതി ബില്‍ അവതരിപ്പിച്ചിട്ടുള്ളത്.
മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രിയാണ് ജന്തുക്കളോടുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. കാര്‍ഷികപാരമ്ബര്യവും സംസ്‌കാരവും പിന്തുടരുന്നതിന്റെയും പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവന്നിരുന്ന കന്നുകാലി ഓട്ടമത്സരങ്ങള്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നടത്താന്‍പറ്റാത്ത സ്ഥിതിയുണ്ടായിരുന്നു.
ഭേദഗതിപ്രകാരം സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിബന്ധനകള്‍ക്കു വിധേയമായി കളക്ടറുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ കന്നുകാലികളുടെ ഓട്ടമത്സരങ്ങള്‍ നടത്താന്‍ അനുവാദം ലഭിക്കുകയുള്ളൂ.
കാളകള്‍, പോത്തുകള്‍ എന്നിവയെ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങളാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരുക. ചട്ടവിരുദ്ധമായി മത്സരങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശിക്ഷ ഏര്‍പ്പെടുത്തുന്നതും ഭേദഗതി ബില്ലില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് 2014-മുതല്‍ സംസ്ഥാനത്തും കാളപൂട്ട് മത്സരങ്ങള്‍ക്ക് നിരോധനമുണ്ടായത്. നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കാളപൂട്ടുപ്രേമികള്‍ കോടതിയെയും സംസ്ഥാന സര്‍ക്കാരിനെയും സമീപിച്ചിരുന്നു. തദ്ദേശീയ ഇനങ്ങളായ കാളകളുടെയും പോത്തുകളുടെയും പരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുക, കന്നുകാലികളെ വളര്‍ത്തുന്നവരുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കപ്പെടുക എന്നീ ലക്ഷ്യങ്ങളാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യംവെക്കുന്നത്.