ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ കളി മാറും; ശക്തമായ അന്വേഷണം നടത്തും; പിടിയിലായാൽ 10 വർഷം വരെ ജയിലിൽ കിടക്കേണ്ടി വരും..!


ട്രെയിനിനു നേരെ കല്ലെറിയുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനൊരുങ്ങി റെയിൽവേ. കല്ലെറിയുന്നത് തുടരുന്നതിനാലാണ് റെയിൽവേ നടപടികൾ ശക്തമാക്കുന്നത്.
വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു നേരെയാണ് മലപ്പുറം ജില്ലയിൽ അടക്കം കല്ലെറിയൽ നടക്കുന്നത്. വന്ദേഭാരത് ട്രെയിനിന്റെ ജനൽച്ചില്ലിൽ തട്ടി കല്ലുകൾ അകത്തേക്ക് പോകാറില്ല. എന്നാൽ ജനൽച്ചില്ലുകൾ പൊട്ടാറുണ്ട്. മറ്റു ട്രെയിനുകളിൽ കല്ലുകൾ അകത്തെത്തി യാത്രക്കാരെ പരുക്ക് ഏൽക്കും.
എൻജിനിലേക്കും കല്ലെറിയുന്ന സംഭവങ്ങളുണ്ട്. സിസിടിവികൾ, പ്രാദേശിക അന്വേഷണങ്ങൾ എന്നിവ നടത്തിയാണ് കല്ലെറിയുന്നവരെ ആർപിഎഫ് കണ്ടെത്തുന്നത്.
സെക്‌ഷൻ 150, 152, 153, 154 എന്നീ വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തും. ഒന്നു മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും.
ഓഗസ്റ്റിൽ സ്റ്റേഷനു സമീപം കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. എൻജിനു മുന്നിലെ ചില്ല് തകർന്നു. സംഭവത്തിൽ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 2 പേരെ ആർപിഎഫ് പിടികൂടിയിരുന്നു.
ഓഗസ്റ്റ‌് 13ന് കാസർകോട് – തിരുവനന്തപുരം വന്ദേഭാരതിനു നേരെ കല്ലേറുണ്ടായി. സംഭവത്തിൽ സി7 കോച്ചിലെ 30-ാം നമ്പർ സീറ്റിനടുത്തുള്ള ജനൽച്ചില്ല് തകർന്നു. താനൂരിനും തിരൂരിനും ഇടയിലാണ് കല്ലേറുണ്ടായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
മുമ്പ് താനൂരിനു സമീപം വന്ദേഭാരതിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ സ്‌കൂൾ വിദ്യാർഥികളെ പിടികൂടിയിരുന്നു. ഇതിനു തൊട്ടു മുൻപും താനുരിൽ കല്ലേറുണ്ടായി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്തു.