വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍


വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനെ (29) യാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പോലീസ് ഇന്‍പെക്ടര്‍ രാജേഷ് കുമാറിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ലുക്ക്ഔട്ട് പുറപെടുവിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിദേശത്തേക്ക് കടക്കുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
അധ്യാപികയെ രണ്ട് ദിവസം വെര്‍ച്വല്‍ അറസ്റ്റില്‍ നിര്‍ത്തിയാണ് സൈബര്‍ തട്ടിപ്പുകാര്‍ പണം തട്ടിയത്. ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിന്റെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ ക്രൈം പോലീസ് അന്വേഷണം ഏറ്റെടുത്തത്.
അധ്യാപികയുടെ നഷ്ടമായ പണത്തില്‍ ഏഴ് ലക്ഷത്തോളം രൂപ അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ സല്‍മാന്റ നിര്‍ദേശ പ്രകാരം താമരശേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്കാണ് തട്ടിയെടുത്ത പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഈങ്ങാപ്പുഴയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലും മുഹമ്മദ് സല്‍മാന്‍ പ്രതിയായിരുന്നു. ഈ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. രണ്ട് സംഭവങ്ങളിലും പ്രതിക്കെതിരെ ലുക്ക് ഔട്ട് പുറപെടുവിപ്പിച്ചിരുന്നു.