NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓൺലൈൻ ലോൺ, ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

സാമൂഹിക മാധ്യമങ്ങള്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ മുതലായ പ്ലാറ്റ്ഫോമുകളില്‍ നിരവധി വ്യാജ ലോണ്‍ ആപ്പുകള്‍ ഇന്ന് ലഭ്യമാണ്. ലെൻട്ര ക്യാപിറ്റൽ, ക്രെഡിറ്റ് നിർവാണ തുടങ്ങിയ കമ്പനികളുടെ പേരിലാണ് വ്യാജ ലോണ്‍ തട്ടിപ്പ് സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

ഈടൊന്നും നല്‍കാതെ വളരെ വേഗം ലോണ്‍ ലഭിക്കുന്നു എന്നതാണ് ഇത്തരം ലോണ്‍ ആപ്പുകളെ സാധാരണക്കാര്‍ തിരഞ്ഞെടുക്കുന്നതിനുള്ള മുഖ്യകാരണം. എന്നാല്‍ ഇത്തരം ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ വ്യക്തികളുടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്ട് ലിസ്റ്റ് എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാര്‍ ഈടെന്ന നിലയില്‍ നേടിയെടുക്കുന്നു.

കൃത്യമായി ലോണ്‍ തിരിച്ചടക്കുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടാതെ തന്നെ വീണ്ടും ലോണ്‍ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്തുകൊടുക്കുന്നു. ലോണ്‍ നല്‍കാതെ തിരിച്ചടവ് ആവശ്യപ്പെടുക, ലോണ്‍ തിരിച്ചടവിനുള്ള സമയപരിധിക്കു മുന്‍പ് ലോണ്‍ തിരിച്ചടയ്ക്കാന്‍ ഭീഷണിപ്പെടുത്തുക തുടങ്ങിയ രീതികളാണ് തട്ടിപ്പുകാര്‍ അവലംബിക്കുന്നത്.

ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി അവരുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത് അവരെ മാനസിക സംഘര്‍ഷത്തില്‍ ആക്കുന്നു. ഇത്തരം വ്യാജ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളോട് ജാഗ്രത പാലിക്കുക. ലോണ്‍ ആവശ്യമുള്ളവര്‍ നിയമാനുസരണം പ്രവര്‍ത്തിക്കുന്ന അംഗീകൃത ബാങ്കുകളില്‍ നിന്ന് മാത്രം ലോണുകള്‍ സ്വീകരിക്കുക. നിങ്ങളുടെ ഫോണിന്‍റെ നിന്ത്രണം ആവശ്യപ്പെടുന്ന ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന് വെബ്സൈറ്റ് മുഖേനയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *