ഡ്രൈവിങ് ലൈസൻസ് പരീക്ഷ ഒക്ടോബർ ഒന്നു മുതൽ കടുപ്പം; ലേണേഴ്സ് രീതിയിൽ വലിയ മാറ്റങ്ങൾ വരുന്നു..!


ഡ്രൈവിങ് ലൈസൻസ് ലേണേഴ്സ് പരീക്ഷാ രീതിയിൽ ഒക്ടോബർ ഒന്നു മുതൽ മാറ്റങ്ങൾ വരുന്നു. ഡ്രൈവർമാർക്ക് തിയറിറ്റിക്കൽ അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ. നിലവിൽ 20 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഇനിമുതൽ 30 ചോദ്യങ്ങളുണ്ടാകും.
കൂടാതെ, ഉത്തര ഓപ്ഷനുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലാക്കി വർധിപ്പിക്കുകയും ചെയ്യും. പുതിയ രീതി അനുസരിച്ച്, ഓരോ ഉത്തരത്തിനും 30 സെക്കൻഡ് മാത്രമാണ് അനുവദിക്കുക. ആകെ ചോദ്യങ്ങളിൽ കുറഞ്ഞത് 18 എണ്ണത്തിനെങ്കിലും ശരിയുത്തരം നൽകിയാലേ ഒരാൾ വിജയിച്ചതായി കണക്കാക്കൂ.
നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ‘ലീഡ്സ്’ ആപ്പിൽ ലഭ്യമാണ്. ആപ്പിൽ മോക് ടെസ്റ്റ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇതുകൂടാതെ ഡ്രൈവിങ് ടെസ്റ്റിന്റെ രീതിയും മാറ്റാൻ സർക്കാർ പരിഗണിക്കുന്നുണ്ട്. ലേണേഴ്സ് ലൈസൻസ് ലഭിച്ചശേഷം ആറു മാസം മുതൽ ഒരു വർഷം വരെ പ്രൊബേഷൻ കാലയളവായി കണക്കാക്കും. ഈ സമയത്തിനുള്ളിൽ അപകടങ്ങളുണ്ടാകാത്തവർക്ക് മാത്രമായിരിക്കും സ്ഥിരം ലൈസൻസ് നൽകുക.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ് ടെസ്റ്റ് രീതിയിലും കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്.