ഇരുപത് ദിവസത്തെ സ്പെഷ്യല്‍ ഹജ്ജ് പാക്കേജ്; അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും; ഇക്കാര്യങ്ങൾ അറിയണം..!


ഹജ്ജ് തീർഥാടകർക്കായി അടുത്ത വർഷം മുതൽ 20 ദിവസത്തെ പ്രത്യേക ഹജ്ജ് പാക്കേജ് നിലവിൽ വരും. വിദേശത്ത് ജോലി ചെയ്യുന്നവർക്കും പ്രായമായവർക്കും ദീർഘദൂര യാത്രകൾക്ക് ബുദ്ധിമുട്ടുള്ളവർക്കും ഇത് ഏറെ പ്രയോജനകരമാകും.
പുതിയ പാക്കേജിൽ താൽപര്യമുള്ളവർ അപേക്ഷാ സമർപ്പണ വേളയിൽ തന്നെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഷോർട്ട് ഹജ്ജ് പാക്കേജ് ഓപ്ഷൻ തിരഞ്ഞെടുക്കണം. കേരളത്തിൽ കൊച്ചിയിൽനിന്ന് മാത്രമായിരിക്കും ഈ പാക്കേജിനുള്ള യാത്ര സൗകര്യം.
2026-ലെ ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് കേരളത്തിൽനിന്ന് 8530 പേരെയാണ് തിരഞ്ഞെടുത്തത്. 65 വയസ്സോ അതിനുമുകളിലോ പ്രായമുള്ളവരുടെ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവർക്കും അവസരം ലഭിച്ചു. സ്ത്രീകൾ മാത്രമുള്ള വിഭാഗത്തിൽ 45-നും 65-നും ഇടയിൽ പ്രായമുള്ളവരിൽ 3620 പേരിൽ 58 പേർ ഒഴികെ എല്ലാവർക്കും അവസരം ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായി 1,52,300 രൂപ 2025 ഓഗസ്റ്റ് 20-നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ അടയ്ക്കണം. പണമടച്ചതിന്റെ രസീതും വൈദ്യപരിശോധന ഫലവും അടക്കമുള്ള രേഖകൾ ഓഗസ്റ്റ് 25-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
സമയപരിധിക്കുള്ളിൽ പണമടയ്ക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും, ആ സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ പരിഗണിക്കുകയും ചെയ്യും.
ഏറ്റവും കൂടുതൽ തീർഥാടകർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലപ്പുറം ജില്ലയിൽനിന്നാണ് (2643). കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത് (1340). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിൽ നിന്നാണ് (38).
സംസ്ഥാനത്ത് കരിപ്പൂർ, കൊച്ചി, കണ്ണൂർ എന്നീ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയും അനുവദിച്ചിട്ടുള്ളത്. എന്നാൽ കോഴിക്കോട് വിമാനത്താവളം പുറപ്പെടൽ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകരുടെ എണ്ണം വളരെ കുറവാണ്.
കഴിഞ്ഞ രണ്ട് വർഷമായി കരിപ്പൂരിൽ നിന്ന് ഈടാക്കുന്ന ഉയർന്ന വിമാനക്കൂലിയാണ് ഇതിന് പ്രധാന കാരണം. ഈ പ്രശ്നം പരിഹരിക്കാൻ വലിയ വിമാനങ്ങൾക്ക് പ്രത്യേക സർവീസ് അനുമതി നൽകിയും കൂടുതൽ വിമാനക്കമ്പനികൾക്ക് ടെൻഡറിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയും വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.