‘വിവാഹ വാർഷികത്തിന് സ്റ്റാറ്റസ് ഇട്ടില്ല, സ്നേഹം കുറഞ്ഞു’; ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച യുവതിയുടെ ആത്മഹത്യാകുറിപ്പ്; കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം..!


പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീര (32) ആണ് ഭർത്താവിന്റെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. മുറിയിലെ നോട്ട്ബുക്കിൽ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
വിവാഹ വാർഷിക ദിനത്തിൽ ഭർത്താവ് സ്റ്റാറ്റസ് ഇട്ടിലെന്നും ഭർത്താവിന് തന്നോടും കുഞ്ഞിനോടും സ്നേഹം കുറഞ്ഞെന്നും തനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. താൻ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ലെന്നും, വിവാഹ വാർഷികത്തിന്റെ സ്റ്റാറ്റസ് ഇടാത്തത് സ്നേഹം കുറഞ്ഞതിന്റെ സൂചനയാണെന്നും കുറിപ്പിലുണ്ട്.
എന്നാൽ, ഭർത്താവിനോ കുടുംബത്തിനോ എതിരെ ഗുരുതരമായ ആരോപണങ്ങൾ കുറിപ്പിലില്ലാത്തതിനാൽ പോലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനൂപിന്റെയും മീരയുടെയും രണ്ടാം വിവാഹമാണിത്. ഒരു വർഷം മുമ്പ് പ്രണയിച്ചാണ് ഇവർ വിവാഹിതരായത്. രണ്ട് മാസം മുമ്പും ഇവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് മീര സ്വന്തം വീട്ടിലേക്ക് പോയിരുന്നു.
മീരയെ ഭർത്താവ് മുറിയിൽ അടച്ചിട്ട് ക്രൂരമായി മർദിച്ചിരുന്നതായി പറഞ്ഞിരുന്നെന്ന് കുടുംബം പോലീസിന് മൊഴി നൽകി. മരണത്തിന്റെ തലേദിവസം രാത്രി 12 മണിയോടെ അനൂപ് എത്തി മീരയെ തിരികെ കൊണ്ടുപോവുകയായിരുന്നു. രാവിലെ ആറരയോടെയാണ് അയൽവാസി മീരയെ ആശുപത്രിയിലെത്തിച്ച വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതെന്നും കുടുംബം.