ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സ്ഥാനമേറ്റു


ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. മികച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസങ്ങൾക്കുശേഷം രാഷ്ട്രപതി ഭവനിൽവെച്ച് വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്. ജഗ്ദീപ് ധൻകർ ആരോഗ്യകാരണങ്ങളാൽ രാജിവെച്ചതിനെ തുടർന്ന് ജൂലൈ 21 മുതൽ രാഷ്ട്രപതി പദം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
തമിഴ്നാടിൻ്റെ തനതായ വേഷമായ ചുവന്ന കുർത്തയും മുണ്ടും ധരിച്ചാണ് രാധാകൃഷ്ണൻ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. രാവിലെ 10.11-നായിരുന്നു സത്യപ്രതിജ്ഞ. പിന്നാലെ രാഷ്ട്രപതി മുർമു അദ്ദേഹത്തെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഇന്ത്യൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് തുടങ്ങി നിരവധി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണനെ കൈയടികളോടെ അഭിവാദ്യംചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം രാധാകൃഷ്ണൻ പ്രേരണ സ്ഥലിൽ പുഷ്പാർച്ചന നടത്തുകയും മരംനടുകയും ചെയ്യും. ഈ വർഷം അവസാനം നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ പാർലമെൻ്റിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകൾ ആരംഭിക്കും.