NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ പരിസരത്തെ പാമ്പുകടി: ബാഗും ഷൂസും ക്ലാസിന് പുറത്തു വയ്ക്കരുതെന്ന് മാർഗരേഖ

സ്കൂൾ കുട്ടികളുടെ ബാഗും ഷൂസും പാമ്പുകൾ കയറുന്ന തരത്തിൽ ക്ലാസിനു പുറത്തു സൂക്ഷിക്കരുതെന്നും കെട്ടിടത്തിലും പരിസരങ്ങളിലും പാമ്പിനു കയറിയിരിക്കാവുന്ന സാഹചര്യങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി സ്കൂൾ സുരക്ഷാ മാർഗരേഖയുടെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി.

പാമ്പുകടി ചികിത്സയ്ക്ക് കൂടുതൽ ഇനം പാമ്പുകളുടെ ആന്റിവെനം തയാറാക്കാൻ പഠനം വേണമെന്നും ആരോഗ്യ അധികൃതരെ അറിയിക്കേണ്ട രോഗങ്ങളുടെ കൂട്ടത്തിൽ പാമ്പുകടി ഉൾപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വിളിച്ചുകൂട്ടിയ യോഗത്തിൽ നിർദേശമുണ്ടായി.

ബത്തേരിയിലെ സ്കൂൾ വിദ്യാർഥിക്കു സ്കൂളിൽ വച്ചു പാമ്പുകടിയേറ്റ പശ്ചാത്തലത്തിൽ സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കുളത്തൂർ ജയ്സിങ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. വിവിധ വകുപ്പുകളുടെ ഉൾപ്പെടെ അഭിപ്രായം ആരാഞ്ഞ ശേഷം മാർഗരേഖ അന്തിമമാക്കുമെന്നു ചീഫ് സെക്രട്ടറി അറിയിച്ചു.

സ്കൂളുകളിലെ സുരക്ഷ ഓഡിറ്റ്, അപകട സാഹചര്യങ്ങളിലെ മെഡിക്കൽ റെസ്പോൺസ് തുടങ്ങി നിർദേശങ്ങൾ വികസിപ്പിച്ചാണു മാർഗരേഖ രൂപീകരിച്ചിട്ടുള്ളത്. ആന്റിവെനവും പീഡിയാട്രിക് ചികിത്സയും മറ്റും ലഭ്യമായ ആശുപത്രികളുടെ പട്ടിക സ്കൂളുകളിൽ സൂക്ഷിക്കുകയും താലൂക്ക് തലം മുതൽ ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കുകയും വേണം.

Leave a Reply

Your email address will not be published. Required fields are marked *