തെന്നല സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; 37 കോടിയുടെ തട്ടിപ്പുകേസിലെ മുഖ്യപ്രതി അറസ്റ്റിൽ..!


തിരൂരങ്ങാടി തെന്നല സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ മുൻ അക്കൗണ്ടന്റ് അറസ്റ്റിൽ. തെന്നല വാളക്കുളത്തെ മൻസൂറിനെയാണ് (47) മലപ്പുറം ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൂക്കിപ്പറമ്പിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന ഇയാൾ അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. ബാങ്കിൽ 2022 മുതൽ നടന്ന സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
വ്യാജരേഖ ചമച്ച് ജീവനക്കാരും ഭരണസമിതി അംഗങ്ങളും കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നാണ് കേസ്. പ്രാഥമിക അന്വേഷണത്തിൽ 37 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, 2015-ലും സമാനമായ തട്ടിപ്പുകേസിൽ ഒന്നാം പ്രതിയായ മൻസൂറിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാളെ ബാങ്കിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.