സ്റ്റേഷനിലെ മര്‍ദനവും കള്ളക്കേസ് ചമയ്ക്കലും; പോലീസുകാരുടെ പണിയും പോകും പണവും പോകും,നടപടിക്ക് സര്‍ക്കാര്‍

പ്രതീകാത്മക ചിത്രം

തൃശ്ശൂർ: പോലീസ് സ്റ്റേഷനിലെ മർദനവും കള്ളക്കേസ് ചമയ്ക്കലും ഗുരുതര ഭവിഷ്യത്തുള്ള കുറ്റമാകും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന പോലീസുദ്യോഗസ്ഥർക്ക് ജോലി നഷ്ടപ്പെടുക മാത്രമല്ല ഭീമമായ നഷ്ടപരിഹാരം സ്വന്തം കൈയില്‍നിന്ന് നല്‍കേണ്ടതായും വരും.അത്തരം നടപടിയിലേക്കാണ് ആഭ്യന്തര വകുപ്പും സർക്കാരും നീങ്ങുന്നത്. പോലീസുകാരുടെ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടപരിഹാരം ഇതുവരെ സർക്കാരായിരുന്നു നല്‍കിയിരുന്നത്.
അത്തരത്തിലുള്ള വിധിയാണ് കോടതിയില്‍നിന്ന് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥർ നേരിട്ട് പങ്കാളികളാകുന്ന തെറ്റുകളില്‍ പരമാവധി ശിക്ഷയായ പിരിച്ചുവിടലിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങിത്തുടങ്ങി. അതോടൊപ്പം സർക്കാർ നല്‍കേണ്ട നഷ്ടപരിഹാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കാനുള്ള നടപടിയും ആരംഭിച്ചു. കേരള പോലീസ് സേനയില്‍നിന്ന് 2016 ജൂണ്‍ മുതല്‍ ഇതേവരെ 108 പോലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഭരണഘടനയുടെ 311-ാം അനുച്ഛേദ പ്രകാരമുള്ള നടപടികള്‍ പൂർത്തിയാക്കിയശേഷമാണ് പിരിച്ചുവിടല്‍.
ഇൻസ്പെക്ടർ വരെയുള്ളവരെ പോലീസ് മേധാവിക്ക് പിരിച്ചുവിടാനാകും. അതിനുമുകളിലുള്ളവരെ പിരിച്ചുവിട്ട് ഉത്തരവിറക്കുന്നത് ആഭ്യന്തര വകുപ്പാണ്.തൊഴിയൂർ സുനില്‍ വധക്കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ സർക്കാർ സ്വീകരിച്ച പുതിയ നിലപാടാണ് കുറ്റക്കാരായ പോലീസുകാർക്ക് സ്വത്തും പണവും നഷ്ടമാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചത്.
1994-ല്‍ ഗുരുവായൂർ പോലീസ് ചുമത്തിയ കള്ളക്കേസില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ബന്ധപ്പെട്ട പോലീസുകാരാണെന്നു കാണിച്ച് സർക്കാർ ഈയിടെ ഉത്തരവിറക്കിയിരുന്നു. നഷ്ടപരിഹാരം സർക്കാർ നല്‍കുകയെന്ന വ്യവസ്ഥാപിത നടപടിയില്‍നിന്ന് മാറിയുള്ള ഉത്തരവ് സേനാംഗങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. സേനയില്‍നിന്ന് പിരിഞ്ഞാലും ജോലി നഷ്ടപ്പെട്ടാലും നഷ്ടപരിഹാരം നല്‍കുകയെന്ന ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകാനാകില്ലെന്ന സൂചനയും തൊഴിയൂർ കേസില്‍ സർക്കാർ നല്‍കുന്നുണ്ട്.
കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർ സർവീസില്‍ തുടരുന്നുണ്ടെങ്കില്‍ നഷ്ടപരിഹാരത്തുക ശമ്ബളത്തില്‍നിന്ന് പിടിക്കാനും അല്ലാത്ത പക്ഷം വിരമിച്ച ആനുകൂല്യങ്ങളില്‍നിന്ന് ഈടാക്കി നല്‍കാനുമാണ് സർക്കാർ ഉത്തരവിറക്കിയത്.
കള്ളക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ നടത്തിയ നിയമപോരാട്ടത്തില്‍ 31 വർഷത്തിനു ശേഷമാണ് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവും പോലീസുകാരില്‍നിന്ന് ഇത് ഈടാക്കി നല്‍കണമെന്ന് സർക്കാർ നിർദേശവും വന്നതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
ഇതിനു പുറമെ, കള്ളക്കേസ് ചമച്ച പോലീസുകാർക്കുനേരേ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് നിയമനടപടി സ്വീകരിക്കാനും കേസിന്റെ പുനരന്വേഷണത്തിന് ഉദ്യോഗസ്ഥനെ നിയമിക്കാനും തീരുമാനമായത് േപാലീസുകാരുടെ തെറ്റായ നടപടി എന്നെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നതിന് ഉദാഹരണവുമാണ്.