താമരശ്ശേരി ചുരത്തിലെ നിയന്ത്രണം നീക്കി; നിയന്ത്രണങ്ങളോടെ എല്ലാ വാഹനങ്ങൾക്കും ചുരത്തിലൂടെ കടന്ന് പോവാം


താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിനു സമീപം മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം നീക്കി. വാഹനങ്ങൾ കയറ്റിവിടും. കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചരക്കുവാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. ഒരു സമയം ഒരു വശത്ത് നിന്ന് മാത്രമാകും വാഹനങ്ങൾക്ക് പ്രവേശനം. ഒമ്പതാം വളവിൽ പാർക്കിങ് അനുവദിക്കില്ല. ചുരത്തിൽ നിരീക്ഷണം തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. വ്യാഴാഴ്‌ച രാത്രിയോടെ നിയന്ത്രണം ഭാഗികമായി നീക്കിയിരുന്നു. ചെറിയ വാഹനങ്ങളാണ് കടത്തിവിട്ടത്.
ഇന്ന് വിശദ പരിശോധന നടത്തിയ ശേഷമാണ് ഗതാഗത നിയന്ത്രണം നീക്കാൻ തീരുമാനിച്ചത്. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ വഴിയാണ് കടത്തിവിട്ടിരുന്നത്. കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ മാത്രമാണ് താമരശ്ശേരി ചുരത്തിലൂടെ കയറ്റിവിട്ടത്.
ഒമ്പതാം വളവിൽ ഏകദേശം 80 അടി ഉയരത്തിൽ പാറയിലുണ്ടായ വിള്ളലുകളാണ് മണ്ണിടിച്ചിലിന് കാരണമായത്. ബ്ലോക്കുകളായാണ് പാറകൾ വീണത്. ഇതോടെയാണ് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിലച്ചത്. മണ്ണ് നീക്കം 3 തെങ്കിലും മഴയിൽ ചെറിയ തോതിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെയാണ് ഗതാഗതം പൂർണമായി നിരോധിച്ചത്. മഴ കുറഞ്ഞതും ആശ്വാസമായി.