മലപ്പുറം ജില്ലയിൽ തെരുവുനായ ആക്രമണം രൂക്ഷം ; ഈ വർഷം കടിയേറ്റത് 7,310 പേർക്ക്


മലപ്പുറം: തെരുവ് നായകളുടെ ആക്രമണം രൂക്ഷമായ മലപ്പുറം ജില്ലയിൽ ഈ വർഷം ഇതുവരെ ചികിത്സ തേടിയത് 7,310 പേർ. ഓരോ മാസവും ശരാശരി ആയിരം പേർക്ക് നായകളുടെ കടിയേൽക്കുന്നുണ്ട്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇവയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്.
വാക്സിൻ സ്വീകരിച്ച ശേഷവും പേവിഷബാധ മരണങ്ങൾ സംഭവിച്ചത് ജനങ്ങളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ട്. പകൽ പോലും നഗരങ്ങളിലടക്കം നായകളുടെ പരാക്രമം വർധിച്ചിട്ടുണ്ട്. ഒറ്റക്കും കൂട്ടമായും എത്തുന്ന നായകൾ യാതൊരു പ്രകോപനവുമില്ലാതെയാണ് പലപ്പോഴും ആക്രമണത്തിന് മുതിരുന്നത്.
മുഖത്തും കഴുത്തിലുമടക്കം ആഴത്തിൽ മുറിവേറ്റാൽ വാക്സിൻ സ്വീകരിച്ചാലും അപകട സാധ്യത നിലനിൽക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു.
സംസ്ഥാനത്ത് വന്ധ്യംകരണത്തിനുള്ള എ.ബി.സി. (അനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് മലപ്പുറം. മറ്റ് ജില്ലകളിൽ ഒന്നിലധികം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
2016-ൽ കുടുംബശ്രീക്ക് നൽകിയിരുന്ന വന്ധ്യംകരണ ചുമതല 2021-ൽ ഹൈക്കോടതി തടഞ്ഞതോടെ പദ്ധതി പൂർണ്ണമായും നിലച്ചു. അഞ്ച് വർഷത്തിനിടെ 3,307 നായകളെയാണ് എ.ബി.സി. പദ്ധതിക്ക് കീഴിൽ വന്ധ്യംകരിച്ചത്.
മങ്കട പഞ്ചായത്തിലെ റവന്യൂ വകുപ്പിന്റെ 50 സെന്റ് ഭൂമിയിൽ എ.ബി.സി. കേന്ദ്രം തുടങ്ങാൻ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും ഇതിന്റെ തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. വന്ധ്യംകരണം നിലച്ചതു കൂടാതെ, അറവ് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതും തെരുവ് നായകളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്.