ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരണം; വിദ്യാർഥികള്‍ക്ക് സസ്പെന്‍ഷന്‍; ചെയ്യാത്ത കുറ്റത്തിനാണ് സസ്പെൻഷൻ ചെയ്‌തതെന്ന് പരാതി..!


ക്ലാസ് നടക്കുന്നതിനിടെ റീൽസ് ചിത്രീകരിച്ചതിന്റെ പേരിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. എടവണ്ണ തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി.
എന്നാൽ ചെയ്യാത്ത കുറ്റത്തിനാണ് സസ്പെൻഡ് ചെയ്‌തതെന്ന പരാതിയുമായി വിദ്യാർഥിനികളിൽ ഒരാൾ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി.
ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥിനിയെ പിന്നിൽ നിന്ന് വിളിക്കുന്നതും തിരിഞ്ഞു നോക്കുന്നതുമായ ദൃശ്യങ്ങളാണ് റീൽസിനായി ചിത്രീകരിച്ചത്. വിഷയം സ്‌കൂളിൽ അറിഞ്ഞതോടെ നടപടി ആരംഭിച്ചു. പിന്നിൽ നിന്ന് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ വിദ്യാർഥിനിക്കെതിരെയും നടപടിയെടുത്തു.
പിന്നിലിരുന്ന വിദ്യാർഥികൾ മൊബൈലിൽ പകർത്തുന്നത് കണ്ടിരുന്നില്ലെന്നും അപ്രതീക്ഷിതമായി പേര് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയതാണെന്നും സസ്പെൻഡ് ചെയ്‌ത നടപടി മാനസികമായി ബാധിച്ചതായും പെൺകുട്ടി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും, ബാലാവകാശ കമ്മീഷനും പരാതി നൽകി.
പരാതിയിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.