ഓണപ്പരീക്ഷ ഇന്ന് മുതൽ; ചോദ്യക്കടലാസ് ചോർച്ച തടയാൻ കർശന മാർഗനിർദേശങ്ങൾ; ഓഗസ്റ്റ് 26-ന് സമാപിക്കും..!


സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ തിങ്കളാഴ്ച ആരംഭിക്കും. യു.പി., ഹൈസ്കൂൾ, പ്ലസ് ടു വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നാളെ പരീക്ഷ തുടങ്ങുന്നത്. എൽ.പി. വിഭാഗത്തിന് ബുധനാഴ്ച മുതലാണ് പരീക്ഷകൾ.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഓഗസ്റ്റ് 26-ന് സമാപിക്കും. പ്ലസ് ടു പരീക്ഷ ഓഗസ്റ്റ് 27-ന് അവസാനിക്കും. പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ആ ദിവസത്തെ പരീക്ഷ ഓഗസ്റ്റ് 29-ന് നടത്തും. ഒന്ന്, രണ്ട് ക്ലാസുകളിലെ പരീക്ഷകൾക്ക് സമയപരിധി ഉണ്ടാകില്ല. മറ്റ് ക്ലാസുകൾക്ക് രണ്ട് മണിക്കൂറാണ് പരീക്ഷാസമയം.
അതിനിടെ, ഓണപ്പരീക്ഷയുടെ ചോദ്യക്കടലാസ് ചോർച്ച തടയുന്നതിന് വിദ്യാഭ്യാസ വകുപ്പ് കർശനമായ മാർഗരേഖ പുറത്തിറക്കി. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യക്കടലാസ് അടങ്ങിയ പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ എന്ന് സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് നിർദ്ദേശം നൽകി.
ചോദ്യക്കടലാസ് കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും പ്രത്യേക മൂന്നംഗ പരീക്ഷാസെല്ലും സജ്ജമാക്കിയിട്ടുണ്ട്. ബി.ആർ.സി.കളിൽ ചോദ്യക്കടലാസ് വിതരണം ചെയ്യുമ്പോൾ ഇഷ്യൂ രജിസ്റ്റർ ചെയ്യണമെന്നും, മുഴുവൻ സ്കൂളുകളും ചോദ്യക്കടലാസ് ഏറ്റുവാങ്ങുന്നത് വരെ മുറിയും അലമാരയും മുദ്രവെച്ച് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
വിതരണത്തിന്റെ മേൽനോട്ടവും നിരീക്ഷണവും ജില്ലാ ഓഫീസുകൾ നിർവഹിക്കും. ചോദ്യക്കടലാസ് പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ ഉടൻ ജില്ലാ ഓഫീസിനെ അറിയിക്കണമെന്നും, രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കണമെന്നും നിർദേശം.