വാഹനത്തില്‍ ദേശീയപതാക കേട്ടാറുണ്ടോ?; എങ്കിൽ സൂക്ഷിച്ചോ !, ഇതിനൊക്കെ നിയമങ്ങളുണ്ട്


ഇന്ത്യ ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന നമ്മള്‍ പതാക ഉയര്‍ത്തിയും സ്വാതന്ത്ര്യ ലബ്ദിക്കു വേണ്ടി ജീവന്‍ വെടിഞ്ഞ യോദ്ധക്കളെ അനുസ്മരിക്കുകയും ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യദിനം ആഘോഷമാക്കുന്നതിന്റെ ഭാഗമായി നമ്മള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നൊരു നിയമലംഘനം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അത് മറ്റൊന്നുമല്ല നമ്മുടെ ദേശീയ പതാകയുടെ ഉപയോഗം തന്നെയാണ്.
ഓഗസ്റ്റ് 15-ന് സാധാരണയായി കാണുന്ന ഒരു കാഴ്ചയാണ് വാഹനങ്ങളില്‍ എല്ലാം പാറിപ്പറക്കുന്ന ദേശീയ പതാക. എന്നാല്‍, വാഹനങ്ങളില്‍ ഇത്തരത്തില്‍ പതാക കെട്ടാൻ നിയമം അനുവദിക്കുന്നുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം. 2002-ലെ ഇന്ത്യന്‍ പതാക ചട്ടം അനുസരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക പദവികള്‍ അലങ്കരിക്കുന്ന വളരെ ചുരുക്കം വ്യക്തികളുടെ വാഹനങ്ങളില്‍ മാത്രമാണ് ദേശീയ പതാക സ്ഥാപിക്കാന്‍ പാടുള്ളൂ.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍, ലഫ്റ്റനെന്റ് ഗവര്‍ണര്‍, പ്രധാനമന്ത്രി, ക്യാബിനറ്റ് മന്ത്രിമാര്‍, സഹമന്ത്രി, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും, ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍, നിയമസഭാ സ്പീക്കര്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍ തുടങ്ങിയവരുടെ വാഹനങ്ങളില്‍ മാത്രമാണ് പതാക സ്ഥാപിക്കാന്‍ അനുവാദമുള്ളൂ.
ഈ സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന വ്യക്തികളുടെ ഔദ്യോഗിക വാഹനങ്ങളിലല്ലാതെ മറ്റ് വാഹനങ്ങളില്‍ ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, രാജ്യത്തെ പൗരന്മാര്‍ക്ക് അവരുടെ വീടുകളില്‍ പതാക ഉയര്‍ത്തുന്നതിനും പതാക കൈവശം വയ്ക്കുന്നതിനും നിയമ തടസ്സങ്ങളൊന്നുമില്ല. വിമാനങ്ങളിലും ട്രെയിനുകളിലും ചില സന്ദര്‍ഭങ്ങളില്‍ പതാക സ്ഥാപിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. അതുപോലെ രാജ്യത്തിന്റെ അഥിതിയായി എത്തുന്ന വ്യക്തി സഞ്ചരിക്കുന്ന വാഹനത്തിലും പതാക നല്‍കാം.
ആഘോഷത്തിന്റെയും മറ്റും ഭാഗമായി സാധാരണ വാഹനങ്ങളില്‍ പതാക സ്ഥാപിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ദേശീയ പതാകയെ അപമാനിക്കുന്നതായാണ് നിയമം കണക്കാക്കുന്നത്. വാഹനങ്ങളില്‍ പതാക ഉയര്‍ത്തിയും ഗ്ലാസിലും വശങ്ങളിലുമെന്ന് വേണ്ട റൂഫില്‍ വരെ ദേശിയ പതാകയുടെ സ്റ്റിക്കര്‍ പതിപ്പിച്ചും രാജ്യ സ്‌നേഹം പ്രകടിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ വരെ കിട്ടാനുള്ള വകുപ്പുകള്‍ നമ്മുടെ നിയമത്തില്‍ തന്നെയുണ്ട്.