രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ; പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി


79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ഇതോടെ രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രധാനമന്ത്രി പതാക ഉയർത്തിയതോടെ ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നു.
അഭിമാനത്തിൻ്റെ ഉത്സവമാണിതെന്നും കോടിക്കണക്കിന് സേനാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് സ്വാതന്ത്ര്യം. ഭരണഘടനയാണ് വഴികാട്ടി. സാങ്കേതിക രംഗത്തടക്കം കൈവരിച്ച നിർണ്ണായക നേട്ടങ്ങൾക്ക് ഈ ചെങ്കോട്ടയും സാക്ഷിയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇരുപതിനായിരത്തോളം പൊലീസ്, അർദ്ധസൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി പുതിയ എഐസിസി ആസ്ഥാനമായ ഇന്ദിര ഭവനിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ത്രിവർണ്ണ പതാക ഉയർത്തും.