NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

​സ്വാതന്ത്ര്യദിനാഘോഷ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; പ്ലാസ്റ്റിക് പതാകകൾക്ക് വിലക്ക്; പതാക നിയമം കർശനമായി പാലിക്കണം..!

78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം.

പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ​സ്വാതന്ത്ര്യദിനത്തിന്റെ പ്രധാന ചടങ്ങുകൾ തിരുവനന്തപുരത്താണ് നടക്കുക. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും.

ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിനുശേഷമോ പതാക ഉയർത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം.

​ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണമെന്നും, ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണം. പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *