കുറച്ചുപേർ മൃഗസ്നേഹികളാണെന്നോ മറ്റോ കരുതി കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല; തെരുവുനായകളെ പിടികൂടണമെന്ന് സുപ്രീംകോടതി


പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി.
ഡൽഹി രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിർദേശം. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡൽഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും ബന്ധപ്പെട്ട അധികൃതരോട് കോടതി ആവശ്യപ്പെട്ടു.
തെരുവുനായകളെ പാർപ്പിക്കാൻ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങൾ തുടങ്ങണം. മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാൽ കർശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനൽകി.
ഡൽഹിയിൽ ജനനനിയന്ത്രണ കേന്ദ്രങ്ങൾ ഉള്ളതാണെന്നും അവ പ്രവർത്തനസജ്ജമാക്കിയാൽ മതിയെന്നും മൃഗസ്നേഹികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചെങ്കിലും ബെഞ്ച് അംഗീകരിച്ചില്ല.
പേവിഷബാധയേറ്റ കുട്ടികൾക്ക് ജീവിതം തിരിച്ചുനൽകാൻ ഈ മൃഗസ്നേഹികൾക്കും സന്നദ്ധപ്രവർത്തകർക്കും സാധിക്കുമോ? കുറച്ചുപേർ തങ്ങൾ മൃഗസ്നേഹികളാണെന്നോ മറ്റോ കരുതുന്നതിന്റെ പേരിൽമാത്രം കുഞ്ഞുങ്ങളെ ബലികൊടുക്കാനാവില്ല. ഇനിയെങ്കിലും നടപടികളെടുക്കണമെന്നും ബെഞ്ച് പറഞ്ഞു.
ഡൽഹിയിൽ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാർത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.
ഡൽഹിയിലെ വിഷയമാണെങ്കിലും തെരുവുനായശല്യത്തിലെ സുപ്രീംകോടതി ഇടപെടൽ മറ്റിടങ്ങളിലും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുന്നതാണ്. പൊതുതാത്‌പര്യം മുൻനിർത്തിയാണ് ഉത്തരവെന്നും തങ്ങൾക്കിതിൽ താത്‌പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കി.