ശേഷി കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറിലും ഹെല്‍മെറ്റ് വേണം; നിയമത്തില്‍ മാറ്റം ആവശ്യപ്പെട്ട് പോലീസ്


അപകട മരണങ്ങൾ ഒഴിവാക്കാൻ ശേഷി കുറഞ്ഞ വൈദ്യുതി സ്കൂട്ടറുകൾ (ഇ-സ്കൂട്ടർ) ഓടിക്കുമ്പോഴും ഹെൽമെറ്റ് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്ന് പോലീസ്. പരമാവധി സ്പീഡ് 25 കിലോമീറ്ററിൽ കൂടാത്ത 250 വാട്ടിൽ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്ന് മോട്ടോർ വാഹന നിയമത്തിൽ പറയുന്നില്ല.
ഇക്കാര്യത്തിൽ മാറ്റം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞദിവസം എറണാകുളത്ത് ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച പതിനെട്ടുകാരൻ ബസിടിച്ച് മരിച്ച പശ്ചാത്തലത്തിൽ ഈ ആവശ്യം ഉന്നയിച്ച് പോലീസ് ഹൈക്കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്തവർക്കും നിലവിൽ ശേഷി കുറഞ്ഞ ഇ സ്കൂട്ടർ ഓടിക്കാം. വിദ്യാർഥികളടക്കം ഇവ ഉപയോഗിക്കുന്നുണ്ട്.
അപകടമുണ്ടായാൽ തലയ്ക്ക് ക്ഷതമേൽക്കാനുള്ള സാധ്യത ഏറെയായതിനാലാണ് ഈ ഇളവിൽ മാറ്റംവേണമെന്ന് നിർദേശിച്ചിരിക്കുന്നത്.ശേഷി കുറഞ്ഞ ഇ-സ്കൂട്ടറുകളിൽ ഭക്ഷണവിതരണം ചെയ്യുന്നവർ ഒട്ടേറെയാണ് എറണാകുളം പോലുള്ള നഗരങ്ങളിൽ. ഇത്തരം വാഹനങ്ങൾ വാടകയ്ക്കു നൽകുന്നവരുമുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രജിസ്ട്രേഷൻ വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഇൻഷുറൻസ് എടുക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചയായത്. വളരെ കുറവ് ആളുകൾ മാത്രമാണ് ഇത്തരം സ്കൂട്ടറുകൾക്ക് ഇൻഷുറൻസ് എടുക്കുന്നത്. ഇങ്ങനെയുള്ള വാഹനം അപകടത്തിൽപ്പെട്ടാൽ ഉടമകൾക്ക് സാമ്പത്തികബാധ്യത വരും. രജിസ്ട്രേഷൻ വേണ്ടാത്തതിനാൽ ഇൻഷുറൻസും വേണ്ടെന്ന ധാരണയാണ് മിക്കവർക്കും. എന്നാൽ വാഹനത്തിന് ഇൻഷുറൻസ് എടുക്കാമെന്ന് ഷോറൂം ഉടമകൾ പറയുന്നു.
ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
രജിസ്ട്രേഷൻ വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് സാധാരണ വാഹനങ്ങളിലേതുപോലെ ഫുൾകവർ, തേർഡ് പാർട്ടി ഇൻഷുറൻസ് ലഭിക്കുമെന്ന് ഷോറും ഉടമകളും ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥരും പറഞ്ഞു. 3000 രൂപ മുതൽ 5000 രൂപവരെയാണ് അഞ്ചുവർത്തേക്കുള്ള ഇൻഷുറൻസ് തുക. രജിസ്ട്രേഷൻ നമ്പർ ഇല്ലെങ്കിലും വാഹനത്തിന്റെ ഷാസി നമ്പർ ഉപയോഗിച്ചാണ് ഇൻഷുറൻസ് എടുക്കുന്നത്. ഇൻഷുറൻസുണ്ടെങ്കിൽ കോടതി മുഖേന നഷ്ടപരിഹാരം ലഭിക്കുമെന്ന് മോട്ടോർ ആക്സിഡന്റ് ക്ലെയിംകേസുകൾ കൈകാര്യംചെയ്യുന്ന അഭിഭാഷകരും പറയുന്നു.
വാഹനം ഇറങ്ങുന്നത് കേന്ദ്ര മാനദണ്ഡത്തിൽ
രജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ സംബന്ധിച്ച മാനദണ്ഡം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലുണ്ട്. സ്കൂട്ടറുകളിൽ ഉപയോഗിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറിന്റെ പവർ 250 വാട്ടിൽ താഴെ ആയിരിക്കണം. വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെയും. ബാറ്ററിയുടെ ഭാരം ഒഴികെ സ്കൂട്ടറിന്റെ ഭാരം 60 കിലോഗ്രാമിലും കുറവായിരിക്കണം. ഇക്കാര്യങ്ങൾ അംഗീകൃത ടെസ്റ്റിങ് ഏജൻസി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയിരിക്കണം.