ഓണവിപണിയിൽ വിഷം: ആപ്പിൾ മുതൽ പച്ചമുളക് വരെ അപകടകരം; ഇതര സംസ്ഥാന പച്ചക്കറികളിൽ മാരക കീടനാശിനി പ്രയോഗം; കണ്ടെത്തിയത് പരിശോധനയിൽ..


ഓണക്കാലം ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. കൃഷിവകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
പച്ചമുളക്, വെളുത്തുള്ളി, ക്യാരറ്റ്, ക്യാപ്സിക്കം, പയർ തുടങ്ങി നിത്യോപയോഗ സാധനങ്ങളിലും ആപ്പിൾ, മുന്തിരി, ഓറഞ്ച് തുടങ്ങിയ പഴങ്ങളിലും അനുവദനീയമായ അളവിൽ കൂടുതൽ കീടനാശിനി ഉപയോഗിച്ചിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു.
വർഷങ്ങളായി ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി പ്രയോഗം നടക്കുന്നുണ്ടെങ്കിലും, ഓണം വിപണിക്ക് മുന്നോടിയായി നടത്തിയ പരിശോധനയിൽ കീടനാശിനിയുടെ അളവ് മുമ്പെങ്ങുമില്ലാത്തവിധം കൂടുതലാണെന്ന് കൃഷിവകുപ്പ് സ്ഥിരീകരിച്ചു.
ഈ സാഹചര്യത്തിൽ ആഭ്യന്തര പച്ചക്കറി ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സുരക്ഷിതമായ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കൃഷിവകുപ്പ് നടപടികൾ ആരംഭിച്ചു.
ഹോർട്ടികോർപ്പ് വഴി ഓണക്കാലത്ത് ജൈവ പച്ചക്കറികൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയാത്ത പച്ചക്കറികൾ തമിഴ്നാട്, മഹാരാഷ്ട്രയിലെ നാസിക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഹോർട്ടികോർപ്പ് നേരിട്ട് ഇറക്കുമതി ചെയ്യും.
നിശ്ചിത അളവിനുമപ്പുറം കീടനാശിനി പ്രയോഗം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കൃഷിവകുപ്പ് പരിശോധന കർശനമാക്കിയത്.