വള്ളിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിച്ച പ്രതി പിടിയിൽ


പരപ്പനങ്ങാടി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിനശിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടിനഗരം സ്വദേശി പാണ്ടി റംസീഖ് (31) നെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധരാത്രി 1.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. കടലുണ്ടിനഗരം പീച്ചനാരി റോഡിനടുത്തുള്ള പാണ്ടികശാല സുബൈറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന മകൻ ഫിറോസിൻ്റെ ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും പാഷൻ പ്രോ മോട്ടോർ സൈക്കിളുമാണ് കത്തി നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്. വൈദ്യുതി ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദേശത്ത് മണ്ണെണ്ണയുടെ സാന്നിധ്യം സംശയച്ചിരുന്നു. അന്നേദിവസം രാത്രി പ്രതി റംസീഖും സുഹൃത്തുക്കളും മദ്യപിച്ചെത്തി ഫിറോസുമായും സുഹൃത്തുക്കളുമായും തമ്മിൽ അടിപിടി നടന്ന് പിരിഞ്ഞുപോയിരുന്നു.
തുടർന്നുണ്ടായ ദേഷ്യത്തിൽ റംസീഖ് തന്റെ ബൈക്കിൽ നിന്നും കുപ്പിയിൽ പെട്രോൾ എടുത്തുവന്ന് വാഹനങ്ങൾ കത്തിക്കുകയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ ഏറെ പണിപ്പെട്ടാണ് പോലീസ് ഇയാളെ വലയിലാക്കിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐക്ക് പുറമെ എസ്.ഐ. മാരായ സലീം, വിമൽ, സുധ, സി.പി.ഒ. അർജുൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു