ഉമ്മയുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണു; ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; വിനയായത് റോഡിലെ കുഴിയും..!


തിരൂരില്‍ പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ മാതാവിന്റെ മടിയിലിരുന്ന സഞ്ചരിക്കവേ പുറത്തേക്ക് തെറിച്ച് വീണ് ആറ് വയസുകാരി മരിച്ചു.
വളാഞ്ചേരി പുറമണ്ണൂർ സ്വദേശി ഫൈസൽ-ബൾക്കീസ് ദമ്പതിമാരുടെ മകൾ ഫൈസ (6) ആണ് മരിച്ചത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് കുട്ടി ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാഹനം കുഴിയില്‍ ചാടിയതിനെത്തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തിരൂര്‍ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പര്‍ മാര്‍ക്കറ്റിന് മുമ്പിലാണ് സംഭവം.
വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസലിന്റെയും ബള്‍ക്കീസിന്റെയും മകളായ ഫൈസ പുറണ്ണൂര്‍ യു പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
ഫൈസലും ഭാര്യയും ഫൈസയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവായ രോഗിയെ കാണാന്‍ ഓട്ടോയില്‍ വന്ന് തിരിച്ചു പോകുകയായിരുന്നു.ഫൈസ മാതാവിന്റെ മടിയിലിരുന്നു യാത്ര ചെയ്യുകയും പിതാവ് ഓട്ടോ ഓടിക്കുകയുമായിരുന്നു.
കുഴിയില്‍ ചാടിയ ഓട്ടോറിക്ഷയുടെ പിന്‍ഭാഗം പൊങ്ങിയതോടെ മാതാവിന്റെ മടിയിലുണ്ടായിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ചു വീണ് വയറിന് സാരമായി പരുക്കേല്‍ക്കുകയായിരുന്നു.
ഉടനെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഫാസില്‍, അന്‍സില്‍ എന്നിവര്‍ സഹോദരങ്ങളാണ്.