NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

15-ാം നിയമസഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.

15-ാം കേരള നിയമസഭയുടെ ആദ്യ സഭാ സമ്മേളനം അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പൂര്‍ത്തിയായി. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീം മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടര്‍ന്ന് മറ്റു അംഗങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലുകയാണ്. അവസാനത്തെ അംഗംമായി വടക്കാഞ്ചേരിയില്‍ നിന്നുള്ള സി.പി.എം അംഗം സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ചരിത്ര തുടര്‍ ഭരണം നേടിയ ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധേയമായിരുന്നു ഇന്നത്തെ ദിവസം. പിണറായി വിജയന്റെ പിറന്നാള്‍കൂടി ഇന്നായത് അംഗങ്ങള്‍ക്ക് ഇരട്ടി മധുരമായി. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചൊല്ലാന്‍ എഴുനേറ്റപ്പോള്‍ വലിയ കരഘോഷമാണ് ഭരണപക്ഷത്ത് നിന്ന് ഉയര്‍ന്നത്.

യു ഡി എഫില്‍ ഏതാണ്ട് എല്ലാ അംഗങ്ങളും ദൈവനമാത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. എല്‍.ഡി.എഫില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും അംഗങ്ങള്‍ സഗൗരവും പ്രതിജ്ഞ എടുത്തു. മഞ്ചേശ്വരത്തെ ലീഗ് എം.എല്‍.എ കന്നഡയിലാണ് പ്രതിജ്ഞ ചൊല്ലിയത്. കോണ്‍ഗ്രസിലെ മാത്യൂ കുഴല്‍നാടനും പാല എം.എല്‍.എ മാണി സി കാപ്പനും ഇംഗ്ലീഷിലാണ് പ്രതിജ്ഞ ചൊല്ലിയത്. ടി.പി. ചന്ദ്രശേഖന്റെ ബാഡ്ജ് അണിഞ്ഞാണ് വടകര എം.എല്‍.എ കെ.കെ രമ സഭയിലെത്തിയത്.  സഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്ന് രമ മാധ്യമങ്ങളോട് പ്രതികരിച്ചു.

53 പുതുമുഖങ്ങളാണ് ഇത്തവണ സഭയിലെത്തിയത്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നത്. കൊവിഡ് ക്വാറന്റീനും മറ്റ് അസുഖങ്ങളും കാരണം കെ. ബാബു, എ. വിന്‍സെന്റ്, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചൊല്ലിയില്ല.  ഇവരുടെ സത്യപ്രതിജ്ഞ പുതിയ സ്പീക്കറെ തിരഞ്ഞെടുത്ത ശേഷം പിന്നീട് നടക്കും.

സ്പീക്കര്‍ സ്ഥാനത്തേക്ക് എല്‍.ഡി.എഫില്‍ നിന്ന് തൃത്താല എം.എല്‍.എ എം.ബി രാജേഷും യു.ഡി.എഫില്‍ നിന്ന് കുണ്ടറ എം.എല്‍.എ പി സി വിഷ്ണുനാഥും പത്രിക സമര്‍പ്പിച്ചു.  സത്യപ്രതിജ്ഞ പൂര്‍ത്തിയായ ശേഷമാണ് പത്രിക നല്‍കിയത്.  26നും 27നും സഭ ചേരില്ല.  28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും.  ജനുവരി 21- നായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *