റേഷൻ കാർഡ് മുൻഗണനാ മാറ്റത്തിന് സമയം നീട്ടി; അരലക്ഷം കുടുംബങ്ങൾക്ക് സൗജന്യ റേഷൻ ലഭിക്കും..!


സംസ്ഥാനത്ത് മുൻഗണനേതര റേഷൻ കാർഡുകൾ (നീല, വെള്ള) മുൻഗണനാ (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 30, 2025 വരെ നീട്ടി.
അപേക്ഷകർക്ക് അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ ജൂൺ 30 വൈകിട്ട് 5.00 മണി വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അർഹരായ അര ലക്ഷം കുടുംബങ്ങളെക്കൂടി മുൻഗണനാ വിഭാഗമായ പിങ്ക് റേഷൻ കാർഡിൽ ഉൾപ്പെടുത്താനുള്ള സർക്കാർ നടപടികളുടെ ഭാഗമാണിത്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് കൂടുതൽ റേഷൻ വിഹിതം സൗജന്യമായി ലഭിക്കും.
കൂടാതെ, വിവിധ ചികിത്സാ ആനുകൂല്യങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാം.
നിലവിൽ സംസ്ഥാനത്ത് 42.22 ലക്ഷം മുൻഗണനാ കാർഡ് ഉടമകളുണ്ട്. നിലവിലുള്ള ഒഴിവുകളിലേക്കും, മുൻഗണനാ വിഭാഗം മസ്റ്ററിങ് പൂർത്തിയാകുമ്പോൾ വരുന്ന ഒഴിവുകളിലേക്കുമാണ് പുതിയ അപേക്ഷകരെ ഉൾപ്പെടുത്തുക.
കാർഡിലെ വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ, അപേക്ഷിക്കുന്നതിന് മുൻപ് തിരുത്തലുകൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് അധികൃതർ.