NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ടെന്റ് തകര്‍ന്ന് യുവതി മരിച്ച സംഭവം; റിസോര്‍ട്ട് നടത്തിപ്പുകാരായ രണ്ട് പേര്‍ അറസ്റ്റില്‍, മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

വയനാട് മേപ്പാടി 900 കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 900 കണ്ടിയിലെ എമറാള്‍ഡിന്റെ ടെന്റ് ഗ്രാം റിസോര്‍ട്ട് നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റ് ആണ് തകര്‍ന്ന് വീണതെന്നാണ് വിവരം.

ഇന്നലെ ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടുണ്ടാക്കിയ ടെന്റിലുണ്ടായ അപകടത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ നിഷ്മയാണ് മരിച്ചത്.

 

അതേസമയം, എമറാള്‍ഡ് റിസോര്‍ട്ടിന് ഒരു അനുമതിയും നല്‍കിയിരുന്നില്ലെന്ന് മേപ്പാടി പഞ്ചായത്ത് അറിയിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

എന്നാല്‍, അപകടത്തിന് കാരണം മഴയാണെന്നും ടെന്റില്‍ ആവശ്യത്തിന് സുരക്ഷയുണ്ടായിരുന്നുവെന്നും എല്ലാ അനുമതിയുണ്ടെന്നും റിസോര്‍ട്ട് നടത്തിപ്പുകാര്‍ പറഞ്ഞു.

 

വിനോദ സഞ്ചാരകേന്ദ്രമായ 900 കണ്ടിയിലെ വനമേഖലയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച എമറാള്‍ഡ് റിസോര്‍ട്ടിന്റെ ടെന്റ് ഗ്രാമിലാണ് അപകടമുണ്ടായത്. അര്‍ധരാത്രി കനത്ത മഴയ്ക്കിടെ തടികൊണ്ട് കെട്ടി ഉണ്ടാക്കിയ ടെന്റ് തകരുകയായിരുന്നു. മഴയില്‍ ടെന്റ് മേഞ്ഞ പുല്ലില്‍ ഭാരം കൂടിയതോടെ ദുര്‍ബലാവസ്ഥയില്‍ ആയിരുന്ന നിര്‍മ്മിതി തകര്‍ന്നു. വിനോദസഞ്ചാരികളായ 16 അംഗ സംഘമാണ് അപകട സമയത്ത് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന ടെന്റാണ് തകര്‍ന്നുവീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!