സാക്ഷരതാ പ്രവർത്തക തിരൂരങ്ങാടിയിലെ പത്മശ്രീ കെ വി റാബിയ വിടവാങ്ങി


തിരൂരങ്ങാടി : വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമായ പത്മശ്രീ കെ.വി. റാബിയ (59) അന്തരിച്ചു..
എറെ കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.
1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് ഇവർ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്ത് പോളിയോ പിടിപെട്ട് കാലുകൾക്ക് വൈകല്യം സംഭവിച്ചു. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം.1990 ലാണ് റാബിയ സാക്ഷതരതാ പ്രവർത്തനങ്ങളിൽ ആകൃഷ്ടയാകുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു . ആറു മാസത്തിനകം തന്നെ റാബിയയുടെ ക്ലാസിന് വൻ സ്വീകാര്യതയാണ് ലഭിച്ചത് . തുടർന്ന് സംസ്ഥാന സർക്കാരടക്കം ഇവരുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തി .
തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര് ആയിരക്കണക്കിനാളുകള്ക്ക് ആശ്രയമായി. ഗ്രാമത്തിലെ നൂറോളം നിരക്ഷരർക്ക് അക്ഷരവെളിച്ചമേകി. ജൻ ശിക്ഷൺ സൻസ്ഥാന്റെ ഭാഗമായി ട്യൂഷൻ സെന്റർ, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴിൽ സംരംഭങ്ങൾ, ബോധവൽക്കരണ‐ശാക്തീകരണ പരിപാടികൾ എന്നിങ്ങനെ വിവിധ പദ്ധതികൾ നടത്തിപ്പോന്നു.
1993ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്നം അവാർഡ്, യു.എൻ. ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവ ചിലതു മാത്രമാണ്. ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നവയിലും റാബിയ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. വൈകല്യത്തിന്റെ വിഷമതകൾക്കിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ തന്റെ വായനയിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചിട്ടുണ്ട്.