കോവിഡ് ബാധിച്ച വീട്ടമ്മക്ക് വെന്റിലേറ്റർ കിട്ടിയില്ലെന്നു പരാതി; തിരൂർ സ്വദേശിനി മരണപ്പെട്ടു.


വെൻ്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി പരാതി. തിരൂർ പുറത്തൂർ സ്വദേശി ഫാത്തിമ (63) യാണ് മരിച്ചത്. കൊവിഡ് ബാധിച്ച് മേയ് 10ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫാത്തിമയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. പക്ഷേ ഇതിന് സാധിച്ചില്ല.
ഫാത്തിമ ഇന്നലെ മുതൽ ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരേയും ബന്ധപ്പെട്ടു. എന്നാൽ വെന്റിലേറ്റർ ലഭിച്ചില്ല. ഇന്നലെ രാത്രി തന്നെ ഫാത്തിമ മരണപ്പെട്ടു. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലെ പലയിടത്തും മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെൻ്റിലേറ്റർ കിട്ടിയില്ലെന്ന് ബന്ധുക്കൾ.
മലപ്പുറത്ത് ആശുപത്രികളെല്ലാം തന്നെ കോവിഡ് രോഗികളാൽ നിറഞ്ഞ സാഹചര്യമാണ് നിലവിലുളളത്. അതുകൊണ്ട് വെന്റിലേറ്റർ കിട്ടാൻ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
ആഴ്ചകൾക്ക് മുമ്പ് മുന്നിയൂർ കളത്തിങ്ങൽപാറ സ്വദേശിയായ 63 കാരനും ഇത്തരത്തിൽ മരിച്ചിരുന്നു.