NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കീരനല്ലൂർ ന്യൂകട്ട് ടൂറിസം പദ്ധതിക്ക് 1.045 കോടി രൂപയുടെ ഭരണാനുമതി

പാലത്തിങ്ങൽ : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന അടൽ മിഷൻ ഫോർ റെജുവനേഷൻ ആൻ്റ് അർബൺ ട്രാൻസ്ഫോർമേഷൻ (അമൃത്) പദ്ധതിയിൽ ഉൾപ്പെടുത്തി കീരനല്ലൂർ ന്യൂ കട്ട് ടൂറിസം പദ്ധതിക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും  വിവിധ പ്രവർത്തികൾക്ക് 1.045 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി. എ മജീദ് എം.എൽ.എ അറിയിച്ചു.
2023 ൽ നഗരസഭ അമൃത് മിഷൻ ഡയറക്ടർക്ക്  സമർപിച്ച പ്രപ്പോസൽ അംഗീകരിച്ചുകൊണ്ടാണ് ഭരണാനുമതി ലഭിച്ചത്. ഭരണാനുമതിക്ക് ആവശ്യമായ എസ്റ്റിമേറ്റും, രൂപരേഖയും സമർപ്പിക്കാൻ നിർദ്ദേശം ലഭിച്ചതിനെ തുടർന്നാണ് തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങൽ  കീരനല്ലൂർ ന്യൂകട്ട് പ്രദേശം പദ്ധതിക്കായി തിരഞ്ഞെടുത്തത്.
പ്രകൃതിരമണീയമായ കീരനല്ലൂർ ന്യൂകട്ട് പുഴയുടെ പരിസരത്ത്, നേരത്തെ ടൂറിസം വകുപ്പിന് ഉപയോഗാനുമതി നൽകിയ സ്ഥലത്താണ് ഒന്നാംഘട്ട പദ്ധതികൾ നടപ്പിലാക്കുന്നത്. സൈഡ് വാൾ, ലാന്റ് സ്കേപ്പിംഗ്, ഹാന്റ് റെയിൽ, വൈദ്യുതീകരണം, ഓപ്പൺ സ്റ്റേജ്, കുട്ടികൾക്കായുള്ള കളിസ്ഥലം, ഇൻ്റർലോക്ക് പതിച്ച നടപ്പാത, ഗ്രാനൈറ്റ് പാകിയ ഇരിപ്പിടങ്ങൾ, തണൽ മരങ്ങൾ, ഹാപ്പിനസ് സോൺ എന്നിവ അടങ്ങിയതാണ് കീരനല്ലൂർ ന്യൂ കട്ട് ടൂറിസം സ്ട്രിപ്പ്. നേരത്തെ സംസ്ഥാന സർക്കാറിന്റെ തുക ഉപയോഗിച്ച് ന്യൂകട്ട് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് മുൻമന്ത്രി പി.കെ അബ്ദുറബ്ബിന്റെ ശ്രമഫലമായി 1.5 കോടി രൂപ യു.ഡി.എഫ് സർക്കാർ അനുവദിച്ച് പ്രവൃത്തി ആരംഭിച്ചിരുന്നു.
തുടർന്ന് വന്ന സർക്കാർ, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.ഇപ്പോൾ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അമൃത് സ്കീമിൽ ഭരണാനുമതി  ലഭിച്ചതോടെ ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നം യാഥാർത്ഥ്യമാകും.
എത്രയും വേഗം തുടർനടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.
അമൃത് പദ്ധതിയിൽ തന്നെ പരപ്പനങ്ങാടിനഗരസഭയിൽ  21.73  കോടി രൂപയുടെ കുടിവെള്ള പദ്ധതിക്ക്‌ നേരത്തെ തന്നെ അനുമതി ലഭിച്ചിട്ടുണ്ട്. ട്രീറ്റ്മെന്റ് പ്ലാന്റോട് കൂടിയ ബൃഹത്തായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ടെൻണ്ടർ നടപടികൾ പൂർത്തിയായി. ഉടൻ പ്രവർത്തി ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *