NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ലിംഗമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ പിന്തുണ; രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നല്‍കുന്നുണ്ടെന്ന് മന്ത്രി ആര്‍. ബിന്ദു

മനുഷ്യരെന്ന നിലയില്‍ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ ട്രാന്‍സ് സമൂഹത്തിന് അവകാശമുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു.അനീതിയും വിവേചനവുമല്ല ട്രാന്‍സ് സമൂഹം ആഗ്രഹിക്കുന്നത്. അവരുടെ സുരക്ഷിതവും സുഗമവുമായ ജീവിതത്തിനു വേണ്ടി നിരവധി പദ്ധതികള്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

 

”അനവധി നിരവധിയായ ആന്തരിക, മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ട്രാന്‍സ് സമൂഹം കടന്നുപോകുന്നത്. സാമൂഹികമായി ഒറ്റപെട്ടു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ടെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ്. തനിച്ചല്ല നിങ്ങള്‍, സഹൂഹ്യനീതി വകുപ്പ് ഒപ്പമുണ്ട് എന്ന ആശയമാണ് വകുപ്പ് ഉയര്‍ത്തിപിടിക്കുന്നത്,” ഡോ ബിന്ദു പറഞ്ഞു.

 

ബൈനറീസില്‍ അധിഷ്ടിതമായ നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തുവാനും ട്രാന്‍സ് സമൂഹത്തിന്റെ ദൃശ്യതയും സ്വീകാര്യതയും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ് വര്‍ണ്ണപ്പകിട്ട് എന്ന പരിപാടി നടത്തപ്പെടുന്നത്. വിദ്യാഭ്യാസത്തിലും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.

 

സ്‌കൂളില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം ആയിരം രൂപയും കോളേജില്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം രണ്ടായിരം രൂപയും വകുപ്പ് നല്‍കുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ശസ്ത്രക്രിയക്കായി നല്‍കുന്നത്. തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് പ്രതിമാസം 3,000 രൂപ വരെയാണ് നല്‍കുന്നത്. മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ് ലൈന്‍ പദ്ധതിയും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വിശ്രമം ആവശ്യമുള്ളവര്‍ക്ക് അത് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വവും വകുപ്പ് ഏറ്റെടുക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയാകാന്‍ സാമൂഹ്യ നീതി വകുപ്പ് ഒപ്പമുണ്ട്. വിജയരാജമല്ലികയെപ്പോലെ സര്‍ഗാത്മക കഴിവുകളാല്‍ അനുഗ്രഹീതരായ ട്രാന്‍സ് സഹോദരങ്ങള്‍ക്കായാണ് ‘അനന്യം’ കലാസംഘം രൂപീകൃതമായതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.