NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേരളത്തില്‍ വീണ്ടും നിക്ഷേപത്തട്ടിപ്പ്; ഇരിങ്ങാലക്കുടയില്‍ 150 കോടിയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പുമായി ബില്യണ്‍ ബീസ്; ഉടമകള്‍ ഒളിവില്‍

1 min read

കേരളത്തില്‍ വീട്ടും കോടികളുടെ നിക്ഷേപത്തട്ടിപ്പ്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ 150 കോടിയുടെ വന്‍ നിക്ഷേപത്തട്ടിപ്പാണ് സംസ്ഥാനത്ത് പുതിയതായി പുറത്തുവന്നിരിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ അമിത പലിശ വാഗ്ദാനംചെയ്ത് നിക്ഷേപകരില്‍നിന്ന് കോടികള്‍ തട്ടിയാണ് ഉടമകള്‍ ഒളിവില്‍ പോയിരിക്കുന്നത്.

 

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ആരംഭിച്ച ബില്യണ്‍ ബീസ് എന്ന സ്ഥാപനമാണ് 150 കോടിയ്ക്ക് മേല്‍ രൂപ നിക്ഷേപകരെ പറ്റിച്ച് തട്ടിപ്പ് നടത്തിയത്. കേരളത്തില്‍ ആകെമാനം ബില്യണ്‍ ബീസ് തട്ടിപ്പ് നടത്തിയതായാണ് പ്രാഥമികവിവരം.

പത്ത് ലക്ഷം നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 മുതല്‍ അരലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ബില്യണ്‍ ബീസ് തട്ടിപ്പ്. ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബില്യന്‍ ബീസ് എന്ന ഷെയര്‍ ട്രേഡിങ് സ്ഥാപനത്തിനെതിരെ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചു. 32 പേരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതോടെ സ്ഥാപന ഉടമകള്‍ ഒളിവില്‍ പോയി.

 

സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ബിബിന്‍ കെ.ബാബു, ഭാര്യ ജയ്ത വിജയന്‍, സഹോദരന്‍ സുബിന്‍ കെ.ബാബു, ലിബിന്‍ എന്നിവരുടെ പേരില്‍ പൊലീസ് നാലുകേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് ബിബിന്‍. കെ. ബാബുവും സഹോദരങ്ങളും ഒളിവില്‍ പോയത്.

 

പോലീസ് അന്വേഷണം ആരംഭിച്ചു. ട്രേഡിംഗിലൂടെ അമിതമായ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചുകൊണ്ട് വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിക്കുക വഴിയാണ് ബില്യണ്‍ ബീസ് എന്ന സ്ഥാപനം തട്ടിപ്പ് നടത്തിയത്. 2020-മുതലാണ് തട്ടിപ്പ് ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. സ്ഥാപന ഉടമ വിപിന്‍ ആയിരുന്നു ഈ നിക്ഷേപ സമാഹരണം നടത്തിയത്.

 

ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച തട്ടിപ്പ് പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നുവെന്നാണ് വിവരം. കേരളത്തിന് പുറത്തും ദുബായിലുമുള്‍പ്പെടെ സ്ഥാപനത്തിന് ശാഖകളുണ്ട്. ദുബായിലും നിരവധി പേര്‍ ഇതേ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളതും തട്ടിപ്പിന്റെ ആഴം വെളിവാക്കുന്നുണ്ട്.

 

ഇരട്ടി പലിശ വാഗ്ദാനത്തില്‍ വീണ നിരവധിപേര്‍ നിക്ഷേപം നടത്തി തട്ടിപ്പിനിരയായി. ആദ്യത്തെ അഞ്ച് മാസത്തോളം സ്ഥാപനം നല്‍കാമെന്ന് പറഞ്ഞ പലിശ ലഭിച്ചിരുന്നതിനെ തുടര്‍ന്ന് വിശ്വാസം തോന്നിയാണ് പലിശ ലഭിച്ചവര്‍ വീണ്ടും ഇതേ സ്ഥാപനത്തില്‍ത്തന്നെ വലിയ നിക്ഷേപം നടത്തിയത്. രണ്ടുകോടിയോളം രൂപ നിക്ഷേപം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

 

നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നല്‍കാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നല്‍കാമെന്നുമായിരുന്നു ബില്യന്‍ ബീസ് ഉടമകള്‍ പരാതിക്കാരുമായി കരാറുണ്ടാക്കിയിരുന്നത്. ആദ്യം കിട്ടിയിരുന്ന പലിശ പിന്നീട് മുടങ്ങി. 2024 ഡിസംബറിലാണ് ആദ്യ പരാതി ബില്യണ്‍ ബീസിനെതിരെ ഇരിങ്ങാലക്കുട പോലീസിന് ലഭിച്ചത്. ഇതില്‍ പോലീസ് കേടസെടുത്തു. തട്ടിപ്പിനിരയായ മറ്റുള്ളവരുടെ പരാതികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ് . 32 പേരാണ് ഇതുവരെ പരാതി നല്‍കിയത്.

 

കമ്പനി ലാഭത്തിലാണെങ്കിലും നഷ്ടത്തിലാണെങ്കിലും എല്ലാ മാസവും നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നും ഉറപ്പു പറഞ്ഞിരുന്ന ഉടമകള്‍ തെളിവായി ബിബിന്‍, ജെയ്ത, സുബിന്‍, ലിബിന്‍ എന്നിവര്‍ ഒപ്പുവച്ച ചെക്കും നിക്ഷേപകര്‍ക്ക് നല്‍കിയിരുന്നു. ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു എത്തിയപ്പോള്‍ പക്ഷേ ബില്യന്‍ ബീസ് ഉടമകള്‍ ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിലേക്ക് പരാതി എത്തിയത്. കേസാകുമെന്ന് കണ്ടതോടെ ഉടമകള്‍ ദുബായിലേക്ക് കടന്നെന്നും പരാതിക്കാര്‍ പറയുന്നു.

Leave a Reply

Your email address will not be published.