പരപ്പനങ്ങാടിയിൽ കടയുടെ മുന്നിൽ പഴങ്ങളുടെ ബോക്സുകൾ വെച്ച് തുറന്ന മൊബൈൽ ഷോപ്പ് പൂട്ടിച്ചു: 15 ഓളം വാഹനങ്ങൾ പിടിച്ചെടുത്തു. 76 പേർക്കെതിരെ കേസ്


പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ മൊബൈൽ ഷോപ്പിനു മുൻവശം പഴങ്ങളുടെ ബോക്സുകൾ അടുക്കി വച്ച ശേഷം മൊബൈൽ കച്ചവടം നടത്തിയ ചെട്ടിപ്പടി സ്വദ്ദേശി ഹനീഫയുടെ പേരിൽ കേരള എപിഡെമിക്ക് ഓർഡിനൻസ് പ്രകാരം പരപ്പനങ്ങാടി പോലീസ്കേസ് രജിസ്റ്റർ ചെയ്ത് കട പൂട്ടിച്ചു.
കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളുടെ ലംഘനങ്ങൾ ക്കെതിരെ പരപ്പനങ്ങാടി പോലീസ് പരിശോധന കർശനമാക്കി. കണ്ടെയിൻമെന്റ് സോണുകളായ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലും വള്ളിക്കുന്ന് പഞ്ചായത്തിലുമാണ് പോലീസ് പരിശോധന കർശനമാക്കിയത്. അനാവശ്യ കാര്യങ്ങൾക്കായി ആളുകൾ കൂടുതലായി പുറത്തിറക്കുന്നത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് അനധികൃതമായി പുറത്തിറങ്ങിയ 15 ഓളം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. നിസാര ആവശ്യങ്ങൾ പറഞ്ഞ് പുറത്തിറങ്ങിയ 76 പേരുടെ പേരിൽ കേസുകൾ രജിസ്റ്റർ ചെയ്തു.
കടകളുടെ മുൻവശം ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് അകലം പ്രത്യേകം മാർക്ക് ചെയ്യാത്ത 16 കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. നിലവിൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കടലുണ്ടി നഗരം, കോട്ടക്കടവ് എന്നീ രണ്ട് ജില്ലാ അതിർത്തികളിൽ ഉൾപ്പെടെ 7 സ്ഥലങ്ങളിൽ അനധികൃതമായി പുറത്തിറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുവാൻ പരിശോധന നടത്തുന്നുണ്ട്.
പരിശോധനകൾ കർശനമായി തുടരുമെന്നും ലോക് ഡൗൺ നിയന്ത്രണങ്ങളും കണ്ടെയിൻമെന്റ് സോൺ നിയന്ത്രങ്ങളും ലംഘിക്കുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പരപ്പനങ്ങാടി സി.ഐ. ഹണി കെ.ദാസ് അറിയിച്ചു.
ലോക് ഡൗൺ ലംഘനങ്ങൾ 0494-2410260 (പോലീസ് സ്റ്റേഷൻ),9497980674 (എസ്.ഐ.),9497947225(സി.ഐ.) എന്നീ നമ്പരുകളിലേക്ക് വിളിച്ച് അറിയിക്കണ മെന്നും സി.ഐ. ഹണി കെ.ദാസ് അറിയിച്ചു.