ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി; യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം |


തിരുവനന്തപുരം: നിബന്ധനകളോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. ഇനി യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം(Autorickshaw State Permit). കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്നും നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണമെന്നും ആണ് നിബന്ധന.
1500 രൂപയാണ്, അഞ്ചുവർഷത്തേക്ക് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ, 300 രൂപയാണ് ജില്ലാ പെർമിറ്റിന്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ ഓഗസ്റ്റിൽ ചേർത്ത സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകാൻ തീരുമാനിച്ചത്.
ഇതിനെ ഒരുവിഭാഗം എതിർത്തതിനെത്തുടർന്ന് പെർമിറ്റ് വ്യവസ്ഥ കർശനമാക്കി, ഫീസ് ഉയർത്തുകയായിരുന്നു. അതിർത്തി ജില്ലകളിലേക്ക് 20 കിലോമീറ്റർ കടക്കാൻ നിലവിലെ ജില്ലാ പെർമിറ്റിൽ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും മണിക്കൂറിൽ 50 കിലോമീറ്റർ എന്ന വേഗപരിധി ഉയർത്തിയിട്ടില്ല.