NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുതുവത്സരാഘോഷം; റോഡില്‍ അതിരുവിട്ടാൽ പിടിവീഴും; ഇന്നും നാളെയും വാഹന പരിശോധന കർശനം; നിര്‍ദ്ദേശം നല്‍കി ജില്ലാ ആര്‍.ടി.ഒ..!

FILE

 

പുതുവത്സരാഘോഷം പ്രമാണിച്ച്‌ മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്ക് പണി കിട്ടും. വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് പൊലീസുമായി സഹകരിച്ച്‌ വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർ.ടി.ഒ.നിർദേശം നല്‍കി.

 

ഇന്നും നാളെയും രാത്രികളില്‍ റോഡുകളില്‍ കർശന പരിശോധനയുണ്ടാകും. ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന.

 

പൊലീസിന് പുറമെ മോട്ടോർ വാഹന വകുപ്പിലെ എൻഫോസ്‌മെന്റ് വിഭാഗവും, മലപ്പുറം ആർ.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂർ, പെരിന്തല്‍മണ്ണ, നിലമ്ബൂർ, കൊണ്ടോട്ടി സബ് ആർ.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന.

 

മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസൻസും റദ്ദാക്കും.

 

രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല ആർ.ടി.ഒ ബി. ഷഫീഖ് അറിയിച്ചു. വിവിധ വർണ ലൈറ്റുകളുടെ ഉപയോഗം, എയർ ഹോണ്‍, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്കെതിരെയും നടപടിയുണ്ടാകും. ശബരിമല തീർഥാടന കാലത്ത് പുതുവത്സരദിനത്തില്‍ റോഡ് തടസ്സങ്ങളൊഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കള്‍ പരമാവധി ശ്രമിക്കണമെന്നും ആർ.ടി.ഒ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *