കാസർകോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് പരപ്പനങ്ങാടി സ്വദേശിയായ ഒരാള്‍ മരിച്ചു


കാസര്‍കോട്: അഴിത്തലയില്‍ മത്സബന്ധന ബോട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു.
മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കോയമോന്‍ (50) ആണ് മരിച്ചത്.
അപകടത്തില്‍പ്പെട്ട 34 പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പടന്ന സ്വദേശിയുടെ ‘ഇന്ത്യന്‍’ എന്ന ബോട്ടാണ് മറിഞ്ഞത്.
രൂക്ഷമായ കടലേറ്റം രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. മലപ്പുറം സ്വദേശികളും ഒറീസ, തമിഴ്‌നാട് സ്വദേശികളുമായി 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പുണ്ട്.
കേരള തീരങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൂവാർ വരെ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. കൊല്ലം ജില്ലയിൽ ആലപ്പാട് മുതൽ ഇടവ വരെ ജാഗ്രതാ നിർദേശമുണ്ട്. ആലപ്പുഴയിൽ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം മുതൽ മറുവക്കാട് വരെയും തൃശൂരിൽ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. മലപ്പുറത്ത് കാസർകോട് കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.