ലൈംഗിക ആരോപണം: നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.


നടൻ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. അമ്മ പ്രസിഡന്റ് നടൻ മോഹൻലാലിന് സിദ്ദിഖ് രാജി കത്ത് നൽകി.
യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് യുവ നടി സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണ് സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. നടൻ സിദ്ദിഖിൽനിന്നും വർഷങ്ങൾക്കു മുൻപ് ലൈംഗികാതിക്രമം നേരിട്ടെന്നു വ്യക്തമാക്കി യുവനടി ഇന്നലെ രംഗത്തെത്തിയിരുന്നു.
പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.