സംസ്ഥാനത്ത് 50 പുതിയ മാവേലി സ്റ്റോറുകള്‍


സപ്ലൈകോയുടെ അമ്ബതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകള്‍ കൂടി ആരംഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ.അനില്‍. ശനിയാഴ്ച പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവശ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റില്‍ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തെറ്റായ പ്രചാരണങ്ങള്‍ സപ്ലൈകോയുടെ വില്‍പനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളില്‍നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി വില വർധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങള്‍ വില്‍പന നടത്തിയതിലൂടെ സപ്ലൈകോക്ക് സാമ്ബത്തിക പ്രതിസന്ധിയുണ്ടായിരുന്നു.
ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ചവകയില്‍ 1090 കോടി രൂപ കേന്ദ്രസർക്കാറില്‍നിന്ന് ലഭിക്കാനുണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ വില നല്‍കി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരിച്ചവകയില്‍ കഴിഞ്ഞവർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തുതീർത്തു. അവശേഷിക്കുന്ന കുടിശ്ശികവിതരണം ആരംഭിച്ചിട്ടുണ്ട്.
വരുന്ന ഓണത്തിന് റേഷൻകടകളിലൂടെ 10 കിലോ വീതം അരി നല്‍കുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാല്‍, കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. 99ാമത് മാവേലി സ്റ്റോറാണ് ചേടി റോഡില്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷത്തിനകം 99 സപ്ലൈകോ കടകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. ഇ. ചന്ദ്രശേഖരൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ആദ്യവില്‍പന കെ.വി. അമ്ബുഞ്ഞിക്ക് നല്‍കി നിർവഹിച്ചു. ബില്‍ടെക് അബ്ദുല്ല, കെ.വി. പ്രഭാവതി, എൻ.വി. രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ. രവീന്ദ്രൻ, അഡ്വ. കെ. രാജ്മോഹൻ, കെ.പി. ബാലകൃഷ്ണൻ, സി.കെ. ബാബുരാജ്, അബ്ദുറസാക്ക് തായലക്കണ്ടി, കെ.പി. ടോമി, അഡ്വ. നിസാം, വി. വെങ്കിടേഷ്, പി. പത്മനാഭൻ, പനങ്കാവ് കൃഷ്ണൻ, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം, പി.കെ. നാസർ, രതീഷ് പുതിയപുരയില്‍, സുരേഷ് പുതിയേടത്ത്, ആന്‍റക്സ് ജോസഫ് എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജനല്‍ മാനേജർ പി.സി. അനൂപ് സ്വാഗതവും ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.
‘കെ-സ്റ്റോർ: ജില്ലയില്‍ വിപുലമാക്കും’
കാഞ്ഞങ്ങാട്: കെ-സ്റ്റോറിന്‍റെ പ്രവർത്തനം ജില്ലയില്‍ വിപുലമാക്കുമെന്ന് മന്ത്രി ജി.ആർ. അനില്‍. നിലവില്‍ 12 സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. ഓണത്തിന് മുമ്ബായി 30 കെ-സ്റ്റോറുകള്‍ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ ഷോപ്പുകളോട് ചേർന്നാണ് കെ-സ്റ്റോർ പ്രവർത്തിക്കുക.
ഗ്യാസ് സിലിണ്ടർ, സാമ്ബത്തിക ഇടപാട് സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സജ്ജമാക്കുന്നത്. സപ്ലൈകോ ഉല്‍പന്നങ്ങള്‍ക്ക് പുറമേ വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ സംരംഭകരുടെ ഉല്‍പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പന്നങ്ങള്‍, കാർഷികോല്‍പന്നങ്ങള്‍ എന്നിവ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും.
കാഞ്ഞങ്ങാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ ജില്ലയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ-സ്റ്റോർ റേഷൻ ലൈസൻസിമാരുടെയും അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.