ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്തേക്ക് വീണു; പൊന്നാനി സ്വദേശി മരിച്ചു
ട്രെയിൻ യാത്രക്കിടെ മധ്യത്തിലെ ബെർത്ത് പൊട്ടി വീണ് താഴെ ബെർത്തിൽ കിടന്നിരുന്ന പൊന്നാനി മാറഞ്ചേരി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാനാണ് (62) മരിച്ചത്.
ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാനക്ക് സമീപം വാറങ്കലിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം.
അപകടം നടക്കുമ്പോൾ അലിഖാൻ താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്നു. മധ്യത്തിലെ ബെർത്ത് പൊട്ടിവീണ് പിരടിയിലെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് കൈകാലുകൾ തളർന്നു. റെയിൽവേ അധികൃതർ ഉടൻ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവിടെനിന്ന് വിദഗ്ധ ചികിത്സക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
