പുതുമഴയിൽ പുഴയിലും തോട്ടിലും മീൻ പിടിക്കുന്നവർ ശ്രദ്ധിക്കുക! ; നിങ്ങളെ കാത്തിരിക്കുന്നത് 15,000 രൂപ പിഴയും മൂന്നുമാസം തടവും.


ഊത്തപിടിത്തത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വകുപ്പ് നടപടി കടുപ്പിക്കാൻ തീരുമാനിച്ചത്. ദൃശ്യങ്ങൾ പങ്കുവെക്കുന്നവർക്കെതിരേയും നടപടിയെടുക്കും. ശുദ്ധജലത്തിൽ മുട്ടയിടുന്നതിനാണ് മത്സ്യങ്ങൾ വെള്ളത്തിനൊപ്പം വയലിലേക്കും പുഴയിലേക്കും കയറിവരുന്നത്.
ഈ സമയത്ത് അവയുടെ വയർ നിറയെ മുട്ടകളായിരിക്കും. കൂട്ടത്തോടെ എത്തുന്ന മീനുകൾക്ക് വേഗവും കുറവായിരിക്കും. മീൻ വേട്ട വ്യാപകമായത് ശുദ്ധജലമത്സ്യങ്ങളുടെ വംശനാശത്തിനിടയാക്കുമെന്ന സ്ഥിതി വന്നതോടെയാണ് ഊത്തപിടിത്തം നിരോധിച്ചത്.
വെള്ളമൊഴുകുന്ന വഴിയിൽ തടസ്സം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാകൾച്ചർ ആൻഡ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരമാണ് നിരോധിച്ചിരിക്കുന്നത്. ഫിഷറീസ്, റവന്യൂ, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു.