NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിരമിക്കുന്ന ദിവസം രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്ത് വിമുക്ത ഭടനായ എസ്.ബി.ഐ. ജീവനക്കാരൻ.

വള്ളിക്കുന്ന് : സർവീസിൽ നിന്നും വിരമിക്കുന്ന ദിവസം കാരുണ്യ പ്രവർത്തനം നടത്തി വിമുക്ത ഭടനായ എസ്.ബി.ഐ. ജീവനക്കാരൻ. വള്ളിക്കുന്ന് കച്ചേരിക്കുന്ന് ചോപ്പൻകാവ് പറമ്പിൽ വേലായുധനാണ് തന്റെ സർവീസ് അവസാനിക്കുന്ന ദിവസം നിർധനരായ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്ത് വേറിട്ട മാതൃക കാണിച്ചത്.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരപ്പനങ്ങാടി ശാഖയിൽ നിന്നും അസോസിയേറ്റ് ആയാണ് വേലായുധൻ ഇന്നലെ (ചൊവ്വാഴ്ച) വിരമിച്ചത്. ആദ്യമായി പതിനേഴാമത്തെ വയസ്സിലാണ് വേലായുധൻ ആർമിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സൈനിക സേവനത്തിനു ശേഷം 1999 ൽ വിരമിച്ചു.

 

നാട്ടിൽ എത്തിയ ഉടനെ ബി.എസ്.എൻ.എല്ലിൽ അഞ്ചുവർഷം ജോലി ചെയ്തു. പിന്നീടാണ് അന്നത്തെ എസ്.ബി.ടി. യിൽ ജോലിയിൽ പ്രവേശിക്കുന്നത്. 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ദിവസമാണ് കൂടുതൽ കാരുണ്യപ്രവർത്തനങ്ങൾക്ക്‌കൂടി ഇദ്ദേഹം തുടക്കമിട്ടത്.

 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന 300 ഓളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിച്ചും വള്ളിക്കുന്നിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കാരുണ്യ സ്വയം സഹായ സംഘത്തിന് മെഡിക്കൽ ഉപകരണങ്ങളും നൽകിയുമാണ് ഇദ്ദേഹം കാരുണ്യത്തിന്റെ മാതൃകയായത്.

 

രോഗികൾക്കുള്ള ഭക്ഷണം യൂത്ത് കെയർ പ്രവർത്തകർ മുഖേന ആശുപത്രിയിൽ എത്തിച്ചു. കടലുണ്ടി പിഷാരിക്കൽ ശ്രീ ദുർഗാദേവീ ക്ഷേത്രത്തിൽ നിന്നാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു തുടങ്ങിയങ്ങിത്. നവരാത്രി ആഘോഷ വേളകളിൽ കാൻസർ, കിഡ്നി രോഗികൾക്കും സഹായമെത്തിക്കാൻ ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

 

മകന്റെ വിവാഹദിനത്തിലും വേലായുധൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർധന രോഗികൾക്ക് ഭക്ഷണം നൽകിയിരുന്നു. രാവിലെ വള്ളിക്കുന്നിലെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ഭാര്യ മിനി, മക്കളായ അഖിൽ, അമൃത, മരുമക്കളായ നിനേഷ്, ആതിര ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നേതൃത്വം നൽകി. തുടർന്നാണ് വേലായുധൻ അവസാനദിന ജോലിക്കായി ബാങ്കിലെത്തിയത്.

Leave a Reply

Your email address will not be published.