കുസാറ്റ് അപകടത്തിൽ മരിച്ച നാല് പേരിൽ മൂന്ന് പേർ വിദ്യാർത്ഥികൾ; ഒരാൾ പുറത്തു നിന്നുള്ള ആൾ


കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും. സ്കൂൾ ഓഫ് നടത്തിയ ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. നവംബർ 24, 25,26 തീയ്യതികളിലായി എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്‌പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്. സമീപ കോളേജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.
ഇന്നലെ, ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായതെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
മഴ പെയ്തതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുകയായിരുന്നു. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം ഒമ്പതു മണിയോടെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പൊതു ദർശനത്തിന് വെക്കും. രണ്ടു വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ തീപ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.